ഒരു സുമനസ്സിന്റെ അവസാന പ്രാർത്ഥന

വിൻസൻറ് വി.എൽ

(തൃശ്ശൂർ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്‌ളിനിക്കിൽ പരിചരണത്തിലായിരുന്നു. 26.12.2016 ന് വിൻസൻറ് നമ്മേവിട്ടു പിരിഞ്ഞു)

ഞാൻ അഞ്ച് വർഷത്തോളമായി ഡയാലിസിസ് ചെയ്യുന്നു. രണ്ടുപ്രാവശ്യം മരിച്ചു എന്ന് പറഞ്ഞ് വിധി എഴുതിയതാണ്. എന്തോ ദൈവഭാഗ്യം കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു. ആദ്യം തൃശ്ശൂർ കോഓപ്പറേറ്റീവ് ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്തിരുന്നത്. യാത്രാചിലവ് കൂടുതൽ ഉള്ളതുകൊണ്ട് ഇപ്പോൾ റോയൽ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ശാന്തി ഡയാലിസിസ് യൂണിറ്റിലാണ് ചെയ്യുന്നത്.

മൂന്ന് വർഷത്തിനുള്ളിൽ 2015ൽ എന്നോടൊപ്പം ഡയാലിസിസ് ചെയ്തവരിൽ 23 പേർ മരിച്ചു. 2016ൽ രണ്ടുപേർ മരിച്ചു. എനിക്ക് സാമ്പത്തികമായി ഒന്നുംതന്നെയില്ല. എന്റെ മകൻ ഇലക്ട്രീഷ്യൻ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. അതുകൊണ്ട് വീട്ടുചെലവ് കഴിയും. എനിക്ക് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വേണം. എന്നെ അറിയുന്ന എന്റെ നല്ലവരായ സുഹൃത്തുക്കൾ മാസംതോറും ചെറിയ ഒരു സംഖ്യ എനിക്ക് തന്ന് സഹായിക്കുന്നത് കൊണ്ടാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്. ഇതുപോലെ കഷ്ടത അനുഭവിക്കുന്ന മറ്റ് ഡയാലിസിസ് രോഗികൾക്കും സഹായങ്ങൾ ലഭിക്കുവാനും നല്ലവരായ സ്‌നേഹിതർ അതിനായി മുന്നോട്ടുവരുവാനും ഞാൻ പ്രാർത്ഥിക്കുന്നു.

രോഗികളെ ഇടയ്ക്ക് പോയി കാണുന്നതും ആശ്വാസവാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കുന്നതും തന്നാൽ കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യുന്നതും അവർക്കു വലിയ ആശ്വാസം നല്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നൂറോളം ഡയാലിസിസ് രോഗികളുടെ പേരുകൾ എന്റെ കൈവശം ഉണ്ട്. നല്ല മനസ്സുള്ളവർ സഹായിച്ചാൽ ഈ നൂറ് ഡയാലിസിസ് രോഗികൾക്കും ഡയലൈസർ വിതരണം ചെയ്യാൻ കഴിയും.

ഡയാലിസിസ് രോഗികൾക്കുവേണ്ടി എന്തെങ്കിലും ഒരു സഹായം ചെയ്യണമെന്ന് മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായി. അഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയലൈസർ ഞാൻ കൊടുക്കാമെന്ന് പറഞ്ഞു. അങ്ങിനെ നല്ല മനസ്സുള്ള ഒരുപാടുപേർ സഹായിക്കുകയും 30 ഡയലൈസർ 30 പേർക്ക് വിതരണം ചെയ്യുകയും ചെയ്തു.

എനിക്ക് കാരുണ്യ ബെനവലൻറ ് ഫണ്ട് ഗവൺമെൻറിൽ നിന്ന് കിട്ടിയതിനാൽ രണ്ട് വർഷം ഡയാലിസിസിന് പൈസ നല്‌കേണ്ടി വന്നില്ല. ഇപ്പോൾ ആ സഹായം കിട്ടുന്നില്ല. അന്വേഷിച്ചപ്പോൾ, പുതിയ ഡയാലിസിസ് രോഗികൾക്കാണു കൊടുക്കുന്നതെന്നു അറിയാൻ കഴിഞ്ഞു. മരിച്ചുപോയ ഡയാലിസിസ് രോഗികളോടും ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നവരോടും സംസാരിച്ചപ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലായി. ബാങ്കിൽ നിന്ന് ലോൺ എടുത്ത് ചികിത്സയ്ക്ക് പണം ചിലവാക്കി ജപ്തി വന്നവർ, പെൺകുട്ടികളെ വിവാഹം കഴിച്ചയക്കാൻ വേണ്ടി പണമില്ലാത്തവർ, പ്രായമേറി ജോലി ചെയ്യാൻ കഴിയാത്തവർ, വാടകവീട്ടിൽ താമസിക്കുന്നവർ, ചെറിയ കുട്ടികളുള്ളവർ ....... അങ്ങിനെ ഡയാലിസിസ് കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരാണ് മരിച്ചുപോകുന്നത്.

മനുഷ്യന് വേണ്ടി ചെയ്യുന്ന ഏതൊരു പുണ്യപ്രവർത്തിക്കും അതിനുള്ള സമയവും സാമ്പത്തികവും ദൈവം തരുമെന്ന് എന്റെ അനുഭവമാണ്.