എന്തിനീ നരകശിക്ഷ?

ഡോ. സജിത ടി. എ

(പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)

അപ്പൻ മരിക്കുമ്പോൾ അവൾക്ക് എട്ടുവയസ്സു പ്രായം. അവൾക്കു താഴെ ഇളയതുകൾ മൂന്ന് നാല് പേർ ഉണ്ടായിരുന്നതുകൊണ്ട് മറ്റൊന്നും ആലോചിക്കാൻ നിന്നില്ല. പാടത്ത് പണിക്കിറങ്ങി. കറ്റ മെതിക്കാനും കൊയ്യാനും കൂടി. ഇത്ര ചെറുപ്പത്തിലെ പണിയാളായി കൂടിയ അവളെ മറ്റുള്ളവർ കൗതുകത്തോടെ നോക്കി നിന്നു. പകലന്തിയോളം പണിയെടുത്താൽ ഇത്തിരി നെല്ല് കിട്ടും. അത് കുത്തി, വേവിച്ച് കഞ്ഞിയാക്കി എല്ലാവരും കൂടി കുടിയ്ക്കും. അതേയുള്ളൂ ഉറപ്പിച്ച് ഒരു നേരത്തെ അവളുടെ ആഹാരം.

ബാല്യവും കൗമാരവും കഴിഞ്ഞ് അവൾ യൗവനത്തിലെത്തി. ഇരുപത്തിനാലാം വയസ്സിൽ കല്ല്യാണം കഴിഞ്ഞു. ഇനിയെങ്കിലും തന്റെ കഷ്ടപ്പാടുകൾക്കു തുണയാവുമെന്നവൾ കരുതി. പക്ഷേ തെറ്റിപ്പോയി. മുഴുക്കുടിയൻ ഭർത്താവ്. കുടിക്കാൻ പണം കൊടുത്തില്ലെങ്കിൽ കഴുത്തിനു പിടിക്കുന്ന പങ്കാളി. ജീവിതം ദുസ്സ: ഹമെങ്കിലും കഷ്ടപ്പെട്ട് മുന്നോട്ടുപോയി. രണ്ട് ആൺമക്കൾ ജനിച്ചു. പിന്നെ അവരിലായി പ്രതീക്ഷ. കുടുംബം ഒരുവിധം കൈപിടിയിലൊതുങ്ങിത്തുടങ്ങി. ഒരാൾ ഇലക്ട്രീഷ്യൻ ആയി. രണ്ടാമത്തെയാൾക്ക് ടിവി ചാനൽ ജോലിയും.

മൂത്തയാളുടെ കല്ല്യാണം കഴിഞ്ഞു. കുട്ടിയായി. അങ്ങനെ പോകുമ്പോൾ അതാ അടുത്ത പരീക്ഷണം. ഭർത്താവിനു കാൻസർ രോഗം. അതിന്റെ ചികിത്സകൾക്കായി ഓടി നടക്കുമ്പോൾ അതാ അടുത്തത്. ഇവർക്കും തൈറോയ്ഡിൽ കാൻസർ രോഗം. തീർത്തും തകർന്നുപോയി. ജീവിതത്തിൽ ഏറ്റവും അധികം തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്ന സമയം. പക്ഷേ ഓരോരുത്തരായി അവരിൽ നിന്നും അകലുകയാണുണ്ടായത്. ഭർത്താവ് മരിച്ചു. അരുമയോടെ വളർത്തിയ മൂത്തമകനും ഭാര്യയും പൊരുത്തക്കേട് കാരണം മാറി താമസിച്ചു. ആങ്ങളമാർ ഇടയ്‌ക്കൊന്നു വന്നാലായി. ഇവരുടെ കാൻസർ ചികിത്സയ്ക്കായി പണം ചെലവഴിച്ചത് ഇളയ മകനാണ്. അതിന്റെ കണക്കു പറഞ്ഞ് അവനും പിന്നെ മിണ്ടാതായി. അയാളും കല്യാണം കഴിഞ്ഞപ്പോൾ മാറി താമസമായി. രണ്ടു മക്കൾക്കും വീടുവെയ്ക്കാനുള്ള സ്ഥലം വാങ്ങിക്കൊടുത്തത് ഈ അമ്മ തന്നെയായിരുന്നു.

ഇപ്പോൾ അമ്മ തനിച്ചാണ്. മൂന്നര സെൻറ് സ്ഥലവും വീടും അവരുടെ പേരിലുണ്ട്. ആ ഒരു ബലത്തിൽ മുന്നോട്ടുപോകുന്നു. രോഗചികിത്സ മെഡിക്കൽ കോളേജിൽ നിന്നാക്കി. സാന്ത്വന ചികിത്സ നമ്മുടെ ക്‌ളിനിക്കിൽ നിന്നും. പറമ്പും വീടും മക്കളുടെ പേരിലാക്കാൻ പറയുന്നുണ്ടെങ്കിലും ആശങ്കയാണ്. അതുംകൂടി കൈവിട്ടാൽ അവസാന കാലത്ത് പെരുവഴിയിലാകുമോ? വിധവാ പെൻഷനും കാൻസർ പെൻഷനും കിട്ടുന്നുണ്ട്. ബിപിഎൽ റേഷൻ കാർഡ്, പാലിയേറ്റീവിൽ നിന്നും റൈസ് കിറ്റും അത്യാവശ്യം വേണ്ട മരുന്നുകളും; പിന്നെ സുമനസ്സുകളുടെ സഹായവും.

ജീവിതം ഇത്രമേൽ കടുപ്പമാണവർക്ക്. ആ കടുപ്പം അവരുടെ വാക്കിലും നോക്കിലും കാണാം. ആർക്കും വിട്ടുകൊടുക്കാൻ വയ്യാത്ത ഹൃദയ കാഠിന്യം. ജീവിതത്തിന്റെ പരുക്കൻ വശങ്ങളിലേക്കു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു തരം ദാർഷ്ട്യം. അതിൽ ഇത്തിരി അലിവു വരുന്നത് രാത്രിയിലെ അരമണിക്കൂർ പ്രാർത്ഥനയിലാണ്.

എട്ടു വയസ്സു മുതലുള്ള അവരുടെ ക്‌ളേശപൂർണമായ ജീവിതം പറഞ്ഞവസാനിപ്പിക്കുമ്പോൾ അവർ എന്നോട് ചോദിച്ചു:

എന്താണ് ഡോക്ടർ, എന്നെമാത്രം ദൈവം ഈ വിധം ശിക്ഷിക്കുന്നത്?
അല്പമെങ്കിലും കാരുണ്യം ദൈവത്തിന് എന്നോട് കാണിച്ചുകൂടെ?
ഞാനിന്നുവരെ ദൈവത്തെ നിഷേധിച്ചിട്ടില്ല. ദൈവത്തിന് അരുതാത്തതായി യാതൊന്നും ചെയ്തിട്ടില്ല. ഒഴിവു കിട്ടുമ്പോഴൊക്കെ പള്ളിയിൽ പോകും. ഉള്ളുരുകി പ്രാർത്ഥിക്കും. രാത്രി കിടക്കുമ്പോഴും വെളുപ്പിനെ ഉണരുമ്പോഴും ഓർവെച്ച നാൾമുതൽ ദൈവത്തെ വിളിക്കാറുണ്ട്. എന്നിട്ടും.............
അവർ വിതുമ്പി. അല്പനേരം മൗനമായി.
'ഒരുപക്ഷേ, മറ്റുള്ളവരുടെ ദുരിതം ഞാൻ അറിയാത്തതുകൊണ്ടായിരിക്കാം.
അവർ എന്നെക്കാൾ നരകിക്കുന്നുണ്ടാകാം'.
'അല്ലെങ്കിൽ ഡോക്ടർ, എന്നെ ദൈവത്തിന് അത്രമേൽ ഇഷ്ടമുള്ളതുകൊണ്ടാകാം.
ദൈവമെന്നെ ഓരോ നിമിഷവും ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ടാണല്ലോ എന്റെ ഓരോ കാര്യത്തിലും ക്‌ളേശിപ്പിക്കാനാണെങ്കിൽ കൂടി ഇടപെടുന്നത്?'

മുഖത്തെ കടുത്ത പാരുഷ്യത്തിനിടയിൽ അവർ ദുർബലമായി ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, അവരുടെ ചിരിക്കുമീതെ കണ്ണുനീർ തുള്ളികളാണൊഴുകിയത്.
എന്റെ മനസ്സിൽ ഹരോൾഡ് കുഷ്‌നർ എന്ന റബ്ബിയുടെ When Bad Things Happen to Good People എന്ന പുസ്തകത്തിൽ നിന്നുള്ള വരികൾ ഓടി വന്നു. പക്ഷേ, ജീവിത്തിന്റെ പാരുഷ്യങ്ങളിലൂടെ മാത്രം കടന്നുപോകേണ്ടി വന്നിട്ടുള്ള ഈ അമ്മയുടെ മുമ്പിൽ റബ്ബിയുടെ വാക്കുകൾക്ക് എന്ത് വിലയാണുള്ളത്?

അവരുടെ നെറ്റിയിലും മുഖത്തും സൗമ്യമായി തലോടി. അവരുടെ കൈപിടിച്ച് അവരോട് ചേർന്നിരുന്നു........ അതവർക്ക് തെല്ല് ആശ്വാസം നല്കുന്നതായി തോന്നി.

സചേതനമായ ആശയവിനിമയമാണ് സാന്ത്വന പരിചരണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം. കാരുണ്യമോലുന്ന ഒരു നോട്ടം, സ്‌നേഹാർദ്രമായ ഒരു പുഞ്ചിരി, സൗമ്യതയാർന്ന ഒരു വാക്ക്, അവർക്ക് പറയുവാനുള്ളത് ശ്രദ്ധയോടെ കേൾക്കാനുള്ള മനസ്സ്, സഹഭാവപൂർണ്ണമായ സമീപനം ഇതെല്ലാം സചേതനമായ ആശയവിനിമയത്തിന്റെ മാർഗ്ഗങ്ങളാണ്. പലപ്പോഴും നമ്മുടെ വാചാലതയേക്കാളും സഹാനുഭൂതിയേക്കാളും വേദനിക്കുന്ന മനുഷ്യർക്കാവശ്യം നമ്മുടെ സഹഭാവപൂർണമായ സമീപനമാണ്.