എന്താണ് സാന്ത്വന പരിചരണം?

ഡോ. ഇ. ദിവാകരന്‍

(ഡോ. ഇ. ദിവാകരനുമായുള്ള സംവാദത്തിന്റെ ഒന്നാം ഭാഗം)

ആധുനിക വൈദ്യശാസ്ത്രത്തിൽ സാന്ത്വന പരിചരണം എന്നതുകൊണ്ട്
എന്താണർത്ഥമാക്കുന്നത്?

1990ൽ ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിന് ഒരു നിർവചനം നല്കുകയുണ്ടായി. മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയ രോഗികളെയും അവരുടെ കുടുംബത്തേയും സമ്പൂർണ്ണമായും ക്രിയാത്മകമായും പരിചരിക്കുന്ന ഒരു രീതി എന്നാണ് ആ നിർവചനം. ആധുനിക വൈദ്യശാസ്ത്രം ശീലിച്ചു പോന്ന ഒരു പരിചരണരീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്.

നമുക്കാനിർവചനത്തെ ഒന്നു വിശകലനം ചെയ്യാം. രോഗിയും അവരുടെ കുടുംബവും ഒരുമിച്ചാണ് ഇവിടെ ചികിത്സയുടെ ഗുണഭോക്താവായി തീരുമാനിച്ചിരിക്കുന്നത്. കാരണമുണ്ട്. മാറാരോഗിയായ ഒരാൾ വീട്ടിലുണ്ടാകുമ്പോൾ രോഗം ഉണ്ടാക്കുന്ന ആഘാതം രോഗിക്കൊപ്പം വീട്ടുകാരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് താങ്ങും തണലും രോഗിക്കൊപ്പം വീട്ടുകാർക്കും ആവശ്യമാണ്.


എന്താണ് സമ്പൂർണ്ണമായ പരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

ഒരു രോഗം, പ്രത്യേകിച്ച് മാറാരോഗം ഒരു വ്യക്തിയുടെ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. മാനസികമായി ഒരുപാട് വേവലാതികൾ അയാൾക്കുണ്ടാകും ഭയം, ആശങ്ക, സങ്കടം എന്നിങ്ങനെ. അതുപോലെ സാമൂഹ്യമായ ഒറ്റപ്പെടൽ, പദവിയിൽ വരുന്ന താഴ്ച, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിങ്ങനെ. ഇതിനെല്ലാമുപരിയായി ഒരു മാറാരോഗം ഒരു വ്യക്തിയുടെ ആളഹീയ തലത്തെയും ബാധിക്കുന്നുണ്ട്. വിശ്വാസത്തകർച്ച, നിരർത്ഥകതാബോധം, ഉത്തരമില്ലാത്ത ആത്യന്തികമായ ചോദ്യങ്ങൾ എന്നിങ്ങനെ പലതും. ചിലപ്പോൾ മതപരമോ, ദൈവവിശ്വാസവുമായി ബന്ധപ്പെട്ടോ ആകാം. അതല്ലാതെ അസ്തിത്വവാദപരമായ വിഹ്വലതകളായും ഇവ പ്രത്യക്ഷപ്പെടാം. മാറാരോഗം കൊണ്ട് കഷ്ടപ്പെടുന്ന ഈ ഒരു മനുഷ്യന് ആശ്വാസം നല്കണമെങ്കിൽ ശാരീരിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനൊപ്പം അയാളുടെ മാനസികവും, സാമൂഹ്യവും, ആദ്ധ്യാത്മികവുമായ പ്രശ്‌നങ്ങളെക്കൂടി പരിഹരിച്ചേ മതിയാകൂ. അതാണ് സമ്പൂർണ്ണപരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നിർവചനത്തിൽ പരിചരണത്തിന് ക്രിയാത്മകം എന്നൊരു വിശേഷണമുണ്ട്.


എന്താണ് ക്രിയാത്മകം എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

സാന്ത്വനപരിചരണം എന്നു പറയുമ്പോൾ നമുക്ക് പെട്ടെന്ന് മനസ്സില്‍ വരുന്ന ചിത്രം ഒരു രോഗിയെ നല്ല വാക്കുപറഞ്ഞ് പുറംതട്ടി ആശ്വസിപ്പിക്കുന്നതാണ്. അതുമാത്രമാണോ സാന്ത്വന പരിചരണം? ഇംഗ്‌ളീഷിൽ പാലിയേറ്റീവ് കെയർ എന്നു പറയുമ്പോൾ കിട്ടുന്ന അർത്ഥവ്യാപ്തി എന്തുകൊണ്ടോ സാന്ത്വന ചികിത്സ എന്നു പറയുമ്പോൾ കിട്ടുന്നില്ല എന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. പാലിയേറ്റീവ് കെയർ പാലിയം എന്ന ലാറ്റിൻ വാക്കിൽ നിന്നാണുണ്ടായത്. പാലിയം എന്നാൽ ആവരണം, പുതപ്പ് എന്നൊക്കെ അർത്ഥം. രോഗം മാറ്റിയെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ രോഗിയെ രോഗപീഡകളിൽ നിന്ന് പൊതിഞ്ഞു സംരക്ഷിക്കുക എന്ന അർത്ഥത്തിലാണ് പാലിയേറ്റീവ് കെയർ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതായത്, മരുന്നുകൾ, ശാസ്ത്രക്രിയകൾ, റേഡിയേഷൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതിനായി ഓരോ രോഗലക്ഷണങ്ങളും കൃത്യമായി വിശകലനം ചെയ്ത് വിലയിരുത്തി ചികിത്സ നല്‌കേണ്ടതുണ്ട്. വളരെ സക്രിയമായ ഒന്നാണത്. ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പാലിയേറ്റീവ് കെയറിലെ അതികായനായ ഡോ. റോബർട്ട് ട്വയ്‌ക്രോസ് പറഞ്ഞത് പാലിയേറ്റീവ് മെഡിസിൻ ഒരു എമർജൻസി മെഡിസിനാണെന്നാണ്!

1990 ൽ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച നിർവചനം സംഘടന തന്നെ 2006ൽ ഒന്ന് പരിഷ്‌കരിക്കുകയുണ്ടായി. എപ്പോഴാണ് ഒരു രോഗിക്ക് പാലിയേറ്റീവ് കെയർ ആവശ്യമായി വരുന്നത് എന്നതിനെക്കുറിച്ച് ഒരു തെറ്റായ സൂചന നല്കുന്നുണ്ട് ആദ്യ നിർവചനം. മാറ്റിയെടുക്കുവാൻ പറ്റാത്ത അവസ്ഥയിലെത്തിയ രോഗികൾക്കാണ് സാന്ത്വനചികിത്സയേ വേണ്ടൂ എന്നു പറഞ്ഞാൽ, മാറ്റിയെടുക്കാൻ പറ്റാത്തത് എന്ന് ഡോക്ടർമാർ വിധിയെഴുതുന്നതുവരെ ആ രോഗി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന അവസ്ഥ വരുന്നു. വാസ്തവത്തിൽ നാം മുൻപു പറഞ്ഞ സാന്ത്വന പരിചരണ തത്വങ്ങളെല്ലാം തന്നെ രോഗ നിർണ്ണയ സമയം മുതൽ പ്രസക്തമാണ്. രോഗനിർണ്ണയം നടത്തപ്പെട്ട സമയത്ത് രോഗാരിഷ്ടതകൾ താരതമേന്യ കുറവായിരിക്കും. രോഗം മാറ്റിയെടുക്കുന്നതിനുള്ള ചികിത്സക്കായിരിക്കും പ്രധാന്യം. എന്നാലും പാലിയേറ്റീവ് കെയർ വഴി ആശ്വാസം നല്കാവുന്ന ഏതാനും പ്രശ്‌നങ്ങൾ അപ്പോഴമുണ്ടാകും. ഈ കാലയളവിൽ നല്കുന്ന പാലിയേറ്റീവ് പരിചരണം രോഗത്തിന്റെ മൊത്തം ഗതിയെതന്നെ അനുകൂലമായി സ്വാധീനിക്കുമെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. രോഗം കൂടുതൽ മോശമാകുന്ന മുറയ്ക്ക് മാറ്റിയെടുക്കൽ ചികിത്സയുടെ പ്രാധാന്യം കുറഞ്ഞുവരികയും സാന്ത്വനപരിചരണത്തിന്റെ പ്രാധാന്യം കൂടിവരികയും ചെയ്യും.

ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് 2006ൽ നിർവചനം പരിഷ്‌കരിച്ചപ്പോൾ കാലേകൂട്ടി രോഗപീഡകളെ കണ്ടെത്തുകയും നിഷ്‌കൃഷ്ടമായി വിലയിരുത്തുകയും കണിശമായി ചികിത്സിക്കുകയും ചെയ്യുക വഴി രോഗിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ചികിത്സാരീതി എന്ന് ചേർക്കുകയുണ്ടായി. രണ്ടാമത്തെ നിർവചനത്തിൽ ക്വാളിറ്റി ഓഫ് ലൈഫ് ജീവിതത്തിന്റെ ഗുണനിലവാരം എന്ന ആ പരികല്പന കൂടി കൊണ്ടുവന്നു. സാന്ത്വന ചികിത്സ ലക്ഷ്യമിടുന്നത് രോഗിയുടെ ജീവിതത്തിന്റെ ഗുണനിലവാരം (QOL) ഉയർത്തുവാനാണ്. എന്താണീ QOL?

QOLഅത് വ്യക്തിനിഷ്ഠമായ ഒരു സങ്കല്പമാണ്. ഒരു വ്യക്തിയുടെ ആഗ്രഹാഭിലാഷങ്ങളുടെയും അയാളുടെ അപ്പോഴത്തെ ജീവതാവസ്ഥയുടെയും അന്തരമാണ് അയാളുടെ QOLനെ നിർണയിക്കുന്നത്. ഈ അന്തരം എത്രകണ്ട് കുറയുന്നുവോ ഝഛഘ അത്രകണ്ട് ഉയർന്നു. അത്തരം എത്രകണ്ട് കൂടുന്നുവോ അത്രകണ്ട് QOL മോശമാകുന്നു. സാന്ത്വന പരിചരണം ഒരു ദ്വിമുഖ പ്രവർത്തനമാണ്. ഒരു വശത്ത് അത് രോഗിയുടെ ശാരീരികാവസ്ഥയെ എത്രകണ്ട് മെച്ചപ്പെടുത്താമെന്ന് നോക്കുന്നു. മറുവശത്ത് രോഗിയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രതീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടു കൂടിയതാക്കാനും പരിശ്രമിക്കുന്നു. രോഗിയുടെ മരണത്തോടെ പാലിയേറ്റീവ് കെയർ പ്രവർത്തകന്റെ ഉത്തരവാദിത്തം തീരുന്നുണ്ടോ? ഇല്ല. അയാളുടെ പരിചരണ വലയത്തിൽ രോഗിയും കുടുംബവുമടങ്ങിയിട്ടുണ്ട്. അപ്പോൾ രോഗി മരിക്കുന്നതോടെ, കുടുംബത്തിന് വിയോഗ ദു:ഖത്തിൽ ആലംബം നല്കുക എന്നൊരു ഉത്തരവാദിത്തം കൂടി സാന്ത്വനപരിചരണ പ്രവർത്തകനുണ്ട്.

Palliative care phases

പൊതുവെ സാന്ത്വന പരിചരണം കൊണ്ടുദ്ദേശിക്കുന്നത് താഴെപറയുന്ന കാര്യങ്ങളാണ്.

  • വേദനയിൽ നിന്നും അതുപോലെ മറ്റ് ദു:സ്സഹരോഗപീഡകളിൽ നിന്നും മോചനം.
  • ജീവിതത്തെ മാനിക്കുന്നതിനൊപ്പം മരണത്തെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്നു.
  • മരണത്തെ നേരത്തെയാക്കാനോ നീട്ടി കൊണ്ടുപോകാനോ ശ്രമിക്കുന്നില്ല.
  • മാനസികവും സാമൂഹികവും ആദ്ധ്യാളഹികവുമായ തലങ്ങളെ കൂടി പരിചരണത്തിൽ ഉൾപ്പെടുത്തുന്നു.
  • മരണം വരെ രോഗിയെ സജീവമായി ജീവിക്കാൻ സഹായിക്കുന്ന ഒരു ആശ്രയ സംവിധാനം നല്കുന്നു.
  • രോഗിയുടെ കുടുംബത്തിന് രോഗിയുടെ ദുരിതകാലത്തും അവന്റെ മരണ ശേഷമുള്ള വിയോഗ ദു:ഖത്തിലും ആലംബം നല്കുന്ന ഒരു ആശ്രയ സംവിധാനം ഉണ്ടാക്കുന്നു.
  • രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ വിയോഗദു:ഖമടക്കം കൈകാര്യം ചെയ്യാൻ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുന്നു.
  • ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ആ പ്രക്രിയയിൽ രോഗ ഗതിതന്നെ നന്നാക്കിയെടുക്കാൻ സാധിക്കുന്നു.
  • രോഗാരംഭത്തിൽ, രോഗം മാറ്റിയെടുക്കാനാകുന്ന ചികിത്സകൾക്കൊപ്പം തന്നെ നടപ്പാക്കേണ്ട ഒന്നാണ് പാലിയേറ്റീവ് കെയർ.

കാൻസർ ചികിത്സയിൽ സാന്ത്വന പരിചരണം നേരത്തെ തന്നെ തുടങ്ങിയാലുള്ള ഫലത്തെക്കുറിച്ച് ഗവേഷണങ്ങൾ നടന്നു കഴിഞ്ഞു. എല്ലാ പഠനങ്ങളും കാണിക്കുന്നത് സാന്ത്വന പരിചരണം രോഗമുക്തിയുടെ സാധ്യത കൂട്ടുന്നു എന്നാണ്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം സാന്ത്വന പരിചരണത്തെ ഒരു വ്യത്യസ്ത അറയിൽ ഒതുക്കേണ്ട ഒന്നായിട്ടല്ല കാണുന്നത്. സാമ്പ്രദായിക ചികിത്സയിൽ സാന്ത്വന ചികിത്സാതത്വങ്ങൾ ഉൾക്കൊള്ളിക്കുകയാണ് വേണ്ടത് എന്നാണ്.