സാന്ത്വന പരിചരണം പൊതുജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ
ഡോ. ഇ. ദിവാകരന്‍
(ഡോ. ഇ. ദിവാകരനുമായുള്ള സംവാദത്തിന്റെ ആറാം ഭാഗം)
സാന്ത്വന പരിചരണത്തിന് കേരളത്തിലെ പൊതുജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താനായി?
സാന്ത്വന പരിചരണം ദീർഘകാല രോഗികളുടെയും മാറാരോഗികളുടെയും ജീവിതത്തിൽ വരുത്തിത്തീർത്ത ഗുണപരമായ മാറ്റം സുവിദിതമാണല്ലോ. ഒരുപക്ഷെ, സാന്ത്വനപരിചരണം ലക്ഷ്യമിട്ടിട്ടുള്ള രോഗികളിലുണ്ടാക്കിയ മാറ്റത്തേക്കാൾ പ്രസക്തമായ മാറ്റങ്ങൾ അത് കേരളത്തിലെ പൊതുജീവിതത്തിലുണ്ടാക്കി എന്നതാണ് വാസ്തവം.
പൊതുജനാരോഗ്യം എന്ന ആശയം കേരളത്തിൽ പ്രയോഗത്തിലായിട്ടുണ്ടെങ്കിലും ആരോഗ്യപ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം താരതമേ്യന കുറവായിരുന്നു. ആശുപത്രികൾ കേന്ദ്രീകരിച്ച്, ഡോക്ടർമാരും, നഴ്‌സുമാരും മറ്റുദ്യോഗസ്ഥരും ചേർന്ന് നടപ്പാക്കിയിരുന്ന സ്ഥാപനവത്ക്കരിക്കപ്പെട്ട ചികിത്സ വ്യവസ്ഥയിൽ സാധാരണക്കാർ കേവലം കാഴ്ചക്കാർ മാ്രതമായിരുന്നു. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രചാരത്തോടെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളിൽ സാധാരണക്കാരനും ചിലതൊക്കെ ചെയ്യാനുണ്ടെന്നു വന്നു. ദീർഘകാല രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കേവലം ശാരീരികം മാത്രമല്ല, സാമൂഹികമായ ഒരു തലം കൂടി അവരുടെ പ്രശ്‌നത്തിനുണ്ടെന്ന തിരിച്ചറിവുണ്ടായി. അത് പരിഹരിക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധാരണക്കാർക്ക് സാധിക്കുമെന്ന് വന്നപ്പോൾ ആരോഗ്യപരിപാലനം കൂടുതൽ ജനകീയമായി. ആരോഗ്യമേഖലയിൽ സർക്കാർ അനുവർത്തിച്ചുപോരുന്ന പൊതുജനാരോഗ്യ സമീപനത്തിന് ഈ ജനകീയാടിത്തറ ഏറെ ഫലം ചെയ്യും.
കേരളത്തിലെ പൊതുസമൂഹത്തിന്റെ മൂല്യബോധത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു പ്രസ്ഥാനം കേരളത്തിൽ സമീപകാലത്തുണ്ടായിട്ടില്ല. compassion അഥവാ സഹാനുഭൂതി എന്നത് ആശയമണ്ഡലത്തിൽ മാത്രം വ്യാപരിക്കുന്ന ഒരു മൂല്യമായി മാറിയിരുന്നു, അങ്ങേയറ്റം വ്യക്തിതലത്തിൽ പ്രകാശനം കിട്ടുമായിരുന്ന ഒന്നുമാത്രം. എന്നാൽ പാലിയേറ്റീവ് കെയറിന്റെ പ്രചാരത്തിലൂടെ compasion എന്നത് സമൂഹം മൊത്തം പങ്കുവെയ്ക്കുന്ന, നിത്യജീവിതത്തിൽ പ്രയോഗിക്കപ്പെടുന്ന ഒരു മൂല്യമായി മാറി. ഒഴിവാക്കാനാവുന്ന ദുരിതത്തിൽ ഒരുവനെ ഇട്ടുപോരുന്നത് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമാണ് എന്ന് മനുഷ്യാവകാശ പ്രസ്ഥാനം നടത്തിയ ആഹ്വാനം കേൾക്കുന്നതിനുമുമ്പുതന്നെ അപരന്റെ ദുരിതം പരിഹരിക്കുക എന്നത് കേരളീയ സമൂഹം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അതൊരു ജീവകാരുണ്യം എന്ന നിലയിലല്ല. ദുരിതത്തിൽപ്പെട്ട ഒരു സഹജീവിയെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ധാർമികമായ ബാദ്ധ്യത തനിക്കുണ്ടെന്ന വെളിപാടിലാണത്. സ്വാസ്ഥ്യത്തോടെ ജീവിക്കുക എന്ന ഏതൊരാളുടെയും അവകാശത്തെ നേടിയെടുക്കലാണത്. അനുകമ്പ എന്ന വികാരം വൈയക്തികതലത്തിൽ നിന്നും വികസിച്ച് greater common good എന്ന വിശാലമായ തലത്തിലേയ്ക്ക് എത്തിയതോടെ ആ പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയമാനവും കൈവന്നു.
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ compassionate communities എന്ന ആശയത്തിലേയ്ക്ക് വികസിക്കുന്നത് പാശ്ചാത്യനാടുകളിൽ കാണുകയുണ്ടായി. കേരളത്തിലും ഇപ്രകാരം പാലിയേറ്റീവ് കെയർ ഉണ്ടാക്കിയെടുത്ത സഹാനുഭൂതിയും നന്മയും സമൂഹത്തിന്റെ മറ്റു മേഖലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഏറെ പ്രകീർത്തിക്കപ്പെട്ട compassionate Kozhikode അതിന്റെ ഊർജ്ജം നേടിയെടുത്തത് കോഴിക്കോട് ജീവിതത്തിന്റെ ഭാഗമായി മാറിയ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിൽ നിന്നു കൂടിയാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ആദ്യനാളുകളിൽ കേരളത്തിലെ ഒരു വിഭാഗം ഇടതുപക്ഷ ബുദ്ധിജീവികൾ ഇത്തരം പ്രവർത്തനങ്ങളെ അല്പം സംശയത്തോടെയും അതിലേറെ പുച്ഛത്തോടെയുമാണ് നോക്കിയിരുന്നത്. എന്നാൽ കാലക്രമേണ പാലിയേറ്റീവ് കെയറിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിയുകയും, അതിന് കേരള സമൂഹത്തിലുണ്ടായ നിർണ്ണായക സ്വാധീനം മനസ്സിലാക്കുകയും ചെയ്തതോടെ കേരളത്തിലെ ഇടതുപക്ഷക്കാരും ഈ രംഗത്തേക്ക് വരാൻ തുടങ്ങി. ഇന്ന് മാർക്‌സിസ്റ്റ് പാർട്ടി വളരെ ഗൗരവമായി തന്നെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
ദീർഘകാല രോഗികൾ അനുഭവിക്കുന്ന ദുരിതത്തിലേക്കും, സമൂഹമധ്യത്തിൽ അവരനുഭവിക്കുന്ന നീതിരാഹിത്യത്തിലേക്കും അധികാരികളുടെ ശ്രദ്ധ കൊണ്ടുവരാൻ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ advocacy role ന് കഴിഞ്ഞിട്ടുണ്ട്. കാൻസർ രോഗികൾക്കും വൃക്കരോഗികൾക്കും സർക്കാർ അനുവദിക്കുന്ന ധനസഹായം മുതൽ ചക്രകസേരസൗഹൃദമായ നടപ്പാതകൾ നിർമ്മിക്കുന്നതുവരെ ഇത്തരം രോഗികളുടെ നിരവധി അവകാശങ്ങൾ നേടിയെടുക്കാൻ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിച്ചിരുന്ന നിരവധി പേരുടെ സമ്മർദ്ദവും ഡോ.എം.ആർ. രാജഗോപാൽ, ഡോ. സുരേഷ് കുമാർ എന്നിവരുടെ അധികാര കേന്ദ്രങ്ങളിലെ ഇടപെടലുമാണ് 2008ൽ പാലിയേറ്റീവ് കെയർ പോളിസി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. സർക്കാർ പാലിയേറ്റീവ് കെയർ നയം നടപ്പാക്കിയതോടെ പാലിയേറ്റീവ് കെയറിന് അഭൂതപൂർമായ വ്യാപനമാണ് ഉണ്ടായത്.
വളർന്നു വരുന്ന തലമുറയ്ക്ക് മാനവികതയുടെ ഉദാത്തമായ മാതൃക കാട്ടാനായിഎന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികളെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നstudents initiative in palliative care പല സ്ഥലങ്ങളിലും സജീവമാണ്. ദുരിതമനുഭവിക്കുന്നവരോട് കരുണാദ്രമായി പെരുമാറാനും, അവരുടെ പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് പരിഹാരം കാണാനും അവർക്ക് പരിശീലനം നല്കുന്നുണ്ട്. അന്യന്റെ അന്തസ്സിനെ മാനിക്കാനും, നിസ്വാർത്ഥ സേവനം നല്കുന്ന ആനന്ദം അനുഭവിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കാനും പുതുതലമുറയിൽ പുതിയൊരു മാനവീകത വളർത്തിയെടുക്കാനും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. വിഭാഗീയതയുടെയും, വിദ്വേഷത്തിന്റെയും കലുഷമായ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ കുട്ടികൾക്ക് വളരുവാൻ ഇത്തരമൊരന്തരീക്ഷം നല്കാനായത് പാലിയേറ്റീവ് കെയറിന്റെ വലിയൊരു നേട്ടം തന്നെയാണ്.
കേരളസമൂഹത്തിൽ പാലിയേറ്റീവ് കെയർ ഒരുപാട് നന്മകൾ ഉണ്ടാക്കിയിട്ടുണ്ട്. തീർച്ചയായും അത് കേരള സമൂഹത്തിന്റെ social capital വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ പ്രസക്തിയും വ്യാപ്തിയും മനസ്സിലാക്കുന്നതിന് കൂടുതൽ പഠനഗവേഷണങ്ങൾ ആവശ്യമായിരിക്കുന്നു.