രോഗബാധിതനായ മനുഷ്യനാണ് കേന്ദ്രബിന്ദു

ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാർത്ഥികൾ

(ഗവ: നഴ്‌സിങ്ങ് കോളേജ്, മുളംകുന്നത്തുകാവ്)

നാലരവർഷത്തെ ഞങ്ങളുടെ നഴ്‌സിങ്ങ് പഠനത്തിന്റെ ഭാഗമാണ് തൃശ്ശൂരിലെ പഴയ ജില്ലാ ആസ്പത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈ റ്റിയിലെ അഞ്ചുദിവസത്തെ പോസ്റ്റിങ്ങ്. ഞങ്ങൾ അഞ്ച് പേരുണ്ടായിരുന്നു; കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ.

പാലിയേറ്റീവ് കെയർ പരിചരണത്തെക്കുറിച്ച് ഞങ്ങൾക്ക് അല്പസ്വല്പം ധാരണയുണ്ടായിരുന്നെങ്കിലും, പാലിയേറ്റീവ് കെയർ ക്‌ളിനിക്കിൽ വന്നപ്പോഴാണ് അത് ഞങ്ങളുടെ പഠനത്തിനും തുടർ ജീവിതത്തിലും എ്രതമാത്രം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടത്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴിൽ വളരെ ലളിതമായ നിലയിൽ ആരംഭിച്ച പാലിയേറ്റീവ് ക്‌ളിനിക്കിലെ അനുഭവങ്ങൾ ഞങ്ങളുടെ ആസ്പ്രതിയനുഭവങ്ങളിൽ നിന്നും വേറിട്ടതായിരുന്നു. ഇവിടെ ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് തുടങ്ങിയ ശ്രേണികളൊന്നും കാണാൻ കഴിഞ്ഞില്ല. വ്യത്യസ്തരെന്ന് നടിക്കുന്ന ഡോക്ടർമാരെയോ യൂണിഫോമിട്ട നഴ്‌സുമാരെയോ കാണാനായില്ല. ക്‌ളിനിക്കിന്റെ പ്രവർത്തനത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊപ്പം പ്രധാന പങ്ക് വഹിക്കുന്നത് അറുപത് വയസ്സ് പിന്നിട്ട ചുറുചുറുക്കുള്ള മുതിർന്ന പൗരരാണ്. എല്ലാവരുടെയും കേന്ദ്രബിന്ദു വേദനയനുഭവിക്കുന്ന മനുഷ്യനാണ്. അവർക്ക് ചുറ്റുമാണ് ക്‌ളിനിക്കിന്റെ മൊത്തം പ്രവർത്തനം ചലിക്കുന്നത്. രോഗത്തിനല്ല രോഗിയ്ക്കാണ് കൂടുതൽ പ്രാധാന്യം. കാൻസർ, വൃക്കത്തകരാറ്, പീഡിതമായ വാർദ്ധക്യം, നട്ടെല്ലിന് ക്ഷതമേറ്റ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതുകൊണ്ടുണ്ടായ പ്രയാസങ്ങൾ, എന്നിവയാണ് ഞങ്ങൾ കണ്ടുമുട്ടിയ രോഗികൾക്ക് നേരിടേണ്ടി വരുന്നത്. അവരിൽ ഏറെപ്പേരും ദീർഘകാലമായി വേദനയും ദുരിതവും അനുഭവിക്കുന്നവരാണ്. അത്തരം മനുഷ്യർക്ക് മരുന്നുകൊണ്ടുമാത്രം അവരനുഭവിക്കുന്ന ദുരിതങ്ങളെ നേരിടാനാവില്ല.

ഞങ്ങൾക്കുണ്ടായ ഒരു ചെറിയ അനുഭവം പറയാം. രണ്ട് വർഷം മുമ്പ് അപകടത്തിൽപെട്ട് ശരീരത്തിന്റെ ചലനശേഷി ഭാഗികമായി സ്തംഭിച്ചുപോയ ഇരുപത്തേഴുവയസ്സുള്ള ഒരു യുവാവിനെ ഫിസിയോതെറാപ്പി യൂണിറ്റിൽ വെച്ച് പരിചയപ്പെടുവാനിടയായി. ആ യുവാവിന്റെ മുഖത്ത് പുഞ്ചിരിയുണ്ട്. കണ്ണുകളിൽ ആത്മവിശ്വാസമുണ്ട്. പാടെ കിടപ്പിലായിപ്പോയ ആ യുവാവിനെ യന്ത്രത്തിന്റെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്താൻ തുടങ്ങുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ, അയാൾ യൂണിറ്റിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നടക്കുന്നു; ആദ്യമായി പിച്ചവെയ്ക്കുന്ന കുഞ്ഞിനെപ്പോലെ. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം ഒരുവിധം മുന്നോട്ടുകൊണ്ടുപോയിരുന്ന ആ യുവാവിനുണ്ടായ അപകടം, ആറുപേരുള്ള ആ കുടുംബത്തെ തളർത്തി. പാലിയേറ്റീവ് ക്‌ളിനിക്കിന്റെ പിന്തുണയോടെ അയാളും കുടുംബവും സോപ്പുകൾ ഉണ്ടാക്കുന്നു. അയൽക്കാർക്ക് വില്ക്കുന്നു. ശേഷിക്കുന്നവ ക്‌ളിനിക്കിൽ എത്തിച്ച് അവരുടെ അദ്ധ്വാനഫലം സ്വീകരിക്കുന്നു. ചെറിയ തുകയാണെങ്കിലും അതാ കുടുംബത്തിന് താങ്ങായി തീരുന്നു.

ഗൃഹപരിചരണത്തിന് ഒരു ദിവസം മുഴുവൻ പാലിയേറ്റീവ് അംഗങ്ങൾക്കൊപ്പം പോകാൻ സാധിച്ചതാണ് മറ്റൊരനുഭവം. ഡോക്ടറും സദ്ധപ്രവർത്തകരും പരിശീലനാർത്ഥികളായ ഡോക്ടറും ഡ്രൈവറും അടങ്ങുന്നതാണ് ഗൃഹപരിചരണ സംഘം. പാടെ കിടപ്പിലായിപ്പോയ രോഗികളുടെ വീട്ടിൽ പോയി അവർക്കുവേണ്ട വൈദ്യപരിചരണം നല്കുന്നു. ഒപ്പംതന്നെ അവരുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങൾ അന്വേഷിക്കുന്നു. കാൻസർ ബാധിച്ച വളരെ നിർധനനായ ഒരു മദ്ധ്യവയസ്‌കന്റെ വീട്ടിലാണ് അന്ന് പോയത്. അദ്ദേഹത്തിന് ഒരുപാട് പ്രയാസങ്ങൾ പറയുവാനുണ്ടായിരുന്നു. ശരീരത്തിന്റെ വേദന മാത്രമായിരുന്നില്ല. പ്‌ളസ്ടുവിലും എട്ടിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസം. എങ്ങിനെയൊ എപിഎൽ കാർഡിൽ കുടുങ്ങിയത് ബിപിഎൽ കാർഡാക്കാനുള്ള തത്രപ്പാ ട്. അദ്ദേഹത്തിനെ ശുശ്രൂഷിക്കാൻ രാപ്പകൽ വീട്ടിലിരിക്കുന്നതു കൊണ്ട് ഭാര്യയ്ക്ക് കൂലിപ്പണിയ്ക്ക് പോകാൻ കഴിയാത്തതുകൊണ്ടുള്ള സാമ്പത്തിക ഞെരുക്കങ്ങൾ. ഏകദേശം നാല്പത്തഞ്ച് മിനിറ്റോളം ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തിരുന്നു. പലവ്യഞ്ജനങ്ങളും പൊടിയരിയും അടങ്ങുന്ന കിറ്റ് കൊടുത്തു. കുട്ടികൾക്ക് ചെറിയ വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്തു.

ആ ചെറിയ ഓടുവീട്ടിൽ നിന്ന് മടങ്ങുമ്പോൾ സന്നദ്ധപ്രവർത്തക ഓർമ്മിപ്പിച്ചു: ശാരീരികവും സാമൂഹികവും മാനസികവുമായ സമഗ്രപരിചരണമാണ് പാലിയേറ്റീവ് കെയർ. ഈ മേഖലയിൽ ഇനിയും കുറേ ദൂരം പോകാനുണ്ട്. നമ്മൾക്ക് ചെയ്യാനാവുന്നത് വളരെ കുറച്ച് മാത്രം. മൊത്തം സമൂഹവും ഈ ദിശയിലേയ്ക്ക് വരാതിരിയ്ക്കില്ല.

പരിശീലനത്തിന്റെ അവസാന ദിവസം ഞങ്ങൾ യാത്ര ചോദിക്കുമ്പോൾ സൊസൈറ്റിയുടെ സംഘടനാചട്ടക്കൂടും ദർശനവും ഞങ്ങൾക്ക് വിവരിച്ചു തന്ന പ്രായംചെന്ന ഒരു സന്നദ്ധപ്രവർത്തകൻ ഇങ്ങനെ പറഞ്ഞു: ഇവിടെ അധികാരത്തിന്റെ ശ്രേണികൾ ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. സ്‌നേഹത്തിലും സഹകരണത്തിലും പുലരുന്ന ഒരു വലിയ കുടുംബമായിട്ടാണ് ഞങ്ങൾ ഈ സംഘടനയെ കാണുന്നത്. ഇവിടെയെത്തുന്ന ഓരോ സന്നദ്ധപ്രവർത്തകനും പ്രവർത്തിക്കാനുള്ള ഇടമുണ്ട്. സ്വയം കണ്ടെത്തണമെന്നുമാത്രം.

ബസ്സിൽ ഹോസ്റ്റലിലേയ്ക്ക് മടങ്ങുമ്പോൾ ഞങ്ങൾ പ്രതിജ്ഞ ചെയ്തു: നഴ്‌സിങ്ങ് ജീവിതത്തിൽ എത്ര തിരക്കുണ്ടെങ്കിലും സമ്മർദ്ദങ്ങളുണ്ടെങ്കിലും പാലിയേറ്റീവ് കെയർ ക്‌ളിനിക്കിൽ നിന്നും ലഭിച്ച അനുഭവപാഠങ്ങൾ കഴിയാവുന്ന രീതിയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കും. ദീർഘകാലരോഗങ്ങളാൽ വേദനിക്കുന്ന മനുഷ്യനാണ് നമ്മുടെ സേവനത്തിന്റെ ന്യൂക്‌ളിയസ്സ് .