സാന്ത്വന പരിചരണത്തിന്റെ സാംസ്‌കാരിക വിവക്ഷകൾ

ഡോ. ഇ. ദിവാകരന്‍

(ഡോ. ഇ. ദിവാകരനുമായുള്ള സംവാദത്തിന്റെ ഏട്ടാം ഭാഗം)

എന്താണ് സാന്ത്വന പരിചരണത്തിന്റെ സാംസ്‌കാരിക വിവക്ഷകൾ?

നമ്മുടെ സംസ്ഥാനത്ത് സാന്ത്വന പരിചരണം എന്നത് ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ആരോഗ്യ രംഗത്ത് ഇത്രയും ജനപ്രീതിയാർജ്ജിച്ചതും, തുടർ നിലനില്പ് ഉറപ്പാക്കും വിധം സാമൂഹിക ജീവിതത്തിൽ വേരോടിയതുമായ മറ്റൊരു ആരോഗ്യപരിപാടി ഇല്ലെന്നുതന്നെ പറയാം. അത്തരമൊരു പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക വിവക്ഷകൾ എന്തൊക്കെയാണെന്ന അന്വേഷണം തീർച്ചയായും വളരെ പ്രസക്തമായ ഒന്നാണ്.

രണ്ട് വിധത്തിൽ ഈ വിഷയത്തെ സമീപിക്കാവുന്നതാണ്. കേരളീയ സംസ്‌കാരത്തിന്റെ ഏതൊരു സവിശേഷതയാണ് സാന്ത്വന പരിചരണത്തെ ഇത്രയും ജനകീയമാക്കിയത് എന്നതാണ് ഒന്ന്. കരുണയും സഹാനുഭൂതിയും കൈമുതലാക്കി ഇത്തരമൊരു പ്രസ്ഥാനം വലിയ തോതിൽ ജനപിന്തുണ നേടുന്നതോടെ അത് കേരളീയ സംസ്‌കാരത്തിൽ എന്തൊരു സ്വാധീനമാണുണ്ടാക്കുന്നത് എന്നതാണ് മറ്റൊന്ന്.

ആദ്യമായി സാന്ത്വന പരിചരണം ഇന്നത്തെ നിലയിൽ കേരളത്തിൽ വ്യാപകമാകാനുള്ള സാംസ്‌കാരിക കാരണങ്ങളിലേക്ക് നോക്കാം. 1994ലാണല്ലോ കോഴിക്കോട് മെഡിക്കൽ കോളേജിനോട് ചേർന്ന് ഒരു പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപം കൊള്ളുന്നത്. തൊണ്ണൂറുകൾ സാംസ്‌കാരിക കേരളത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു. 1970കളിലും 80കളിലും ഒരു നവമാനവികതക്കും, നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ ഒരു യുവതലമുറ. ഒരു ബദലും പ്രാവർത്തികമാകുന്നില്ല എന്ന തിരിച്ചറിവോടെയാണ് തൊണ്ണൂറുകളിലെത്തുന്നത്. ആരോഗ്യ പരിപാലന രംഗത്തെ മാറ്റങ്ങളെക്കുറിച്ച് സ്വപ്നം കണ്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെയും അനുഭവം മറിച്ചായിരുന്നില്ല. Medicins Sans Frontieres എന്ന അന്തർദേശീയ മാനവിക സംഘടനയുടേയും Medicon friends Circle എന്ന പുരോഗമനാത്മകമായ ദേശീയ സംഘടനയുടെയും പ്രവർത്തനങ്ങളാൽ പ്രചോദിതരായിരുന്ന അവർ പ്രാദേശികമായ ചെറുത്തുനിൽപുകളിൽ ഏർപ്പെട്ടിരുന്നു. പയ്യന്നൂരിലെ Public Health Forum തൃശ്ശൂരിലെ ജനാരോഗ്യ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. കേവലം ചെറുത്ത് നില്പ് എന്നതിലുപരി ആരോഗ്യരംഗത്ത് സമഗ്രമായ ഒരു മാറ്റം ഉണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്കാകുമായിരുന്നില്ല. അവരിലേക്കാണ് സമഗ്രപരിചരണം എന്ന പരികല്പനയുമായി പാലിയേറ്റീവ് കെയർ എന്ന ആശയം എത്തുന്നത്. സ്വാഭാവികമായും അത് വളരെ വേഗം സ്വീകരിക്കപ്പെട്ടു.

ആത്യന്തികമായി, രോഗീപരിചരണം എന്നത് സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടത്തേണ്ട ഒന്നാണെന്ന് സ്ഥാപിക്കാൻ ഇതിന്റെ തുടക്കക്കാർക്ക് കഴിഞ്ഞു എന്നതാണ് സാന്ത്വന പരിചരണത്തിന് ഇന്ന് ലഭിച്ച ശരിയായ ദിശാബോധത്തിന് കാരണം. രോഗീപരിചരണത്തിൽ സമൂഹത്തിന്റെ പങ്ക് അംഗീകരിക്കപ്പെട്ടതോടെ സാധാരണ ജനങ്ങൾ സാന്ത്വന പരിചരണം സ്വയം ഏറ്റെടുക്കുകയും ചെയ്തു.

കേരളത്തിന്റെ പാലിയേറ്റീവ് കെയർ ഭൂപടം നോക്കിയാൽ സാന്ത്വന പരിചരണത്തിന്റെ സാന്ദ്രത വടക്കൻ ജില്ലകളിലാണ് കൂടുതൽ എന്നു കാണാവുന്നതാണ്. കോഴിക്കോടാണ് ഇത് ആരംഭിച്ചത് എന്നൊരാകസ്മികത മാത്രമാണൊ കാരണം? അല്ലെന്നു വേണം കരുതാൻ. ദേശീയ പ്രസ്ഥാനത്തിന്റെ കാലം തൊട്ടേ രാഷ്ട്രീയമായ ഉണർച്ച ആ പ്രദേശങ്ങളിൽ പ്രകടമായി കാണാം. സ്വാർത്ഥ താല്പര്യത്തിനുമുകളിൽ സാമൂഹിക നന്മ ഉൾക്കൊള്ളുന്ന ഒരു സംസ്‌കാരം അവിടത്തുകാരിലുണ്ടെന്നും, ജനങ്ങൾക്കിടയിൽ സാമൂഹികമായ ഇഴയടുപ്പം അവിടെ കൂടുതലുണ്ടെന്നും ചിലർ അവകാശപ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ നിജസ്ഥിതി അറിയാൻ കൂടുതൽ പഠന ഗവേഷണങ്ങൾ ആവശ്യമുണ്ട്. തല്ക്കാലം നമുക്കത് സാമൂഹ്യശാസ്ത്രവിദഗ്ധരെ ഏല്പിക്കാം.

പാലിയേറ്റീവ് കെയർ പ്രവർത്തനം നുടെ സംസ്‌കാരത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്? രോഗം, ദുരിതം, മരണം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഒരു മാറ്റം വരുത്താൻ അതിനായിട്ടുണ്ട്. രോഗം എന്നത് ഡോക്ടർ, ആശുപത്രി, മരുന്ന് എന്ന സമവാക്യത്തിലൂടെ പരിഹരിക്കാവുന്നതല്ല എന്നും, സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടൽ ആവശ്യപ്പെടുന്ന ഒന്നാണെന്നുമുള്ള ബോധം ജനങ്ങളിലുണ്ടായിട്ടുണ്ട്. സാന്ത്വനമേകാൻ അയൽക്കണ്ണികൾ എന്ന സാന്ത്വന പരിചരണസംവിധാനം സാധാരണ ജനങ്ങളുടെ കൂട്ടായ്മയിലൂടെ കിടപ്പുരോഗികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഉണ്ടാക്കിയെടുത്തതാണ്. തന്റെ അയൽപക്കത്ത് കിടപ്പിലായിപ്പോയ ഒരുവനെ പരിചരിക്കാൻ ആഴ്ചയിൽ രണ്ട് മണിക്കൂറെങ്കിലും നീക്കിവെയ്ക്കാൻ തയ്യാറുള്ള ഒരാളെയാണ് സാന്ത്വനപ്രവർത്തനത്തിലെ സന്നദ്ധപ്രവർത്തകനായി എടുക്കുന്നത്. ബന്ധമോ പരിചയമോ ഇല്ലാത്ത ഒരു മനുഷ്യനെ രോഗപീഡകളിൽ നിന്നും പരിരക്ഷിക്കാൻ തനിക്കൊരു ഉത്തരവാദിത്തമുണ്ടെന്ന തിരിച്ചറിവ് സാംസ്‌കാരികമായി ഉയർന്ന നിലയിലെത്തിയ ഒരാൾക്കേ ഉണ്ടാകൂ. ഒഴിവാക്കാനാവുന്ന ഒരു ദുരിതത്തിൽ ഒരുവനെ ഇട്ടുപോരുന്നത് ഗുരുതരമായ മനുഷ്യാവകാശ ധ്വംസനമാണ് എന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു കേൾക്കുന്നതിനുമുമ്പുതന്നെ നമ്മുടെ നാട്ടുകാർ ആ തീരുമാനത്തിലെത്തിക്കഴിഞ്ഞിരുന്നു.

പോപ്പ് ജോൺ പോൾ രണ്ടാമൻ പറയുകയുണ്ടായി: ഒരു സമൂഹം വിലയിരുത്തപ്പെ ടുന്നത് (വിധികൽപിക്കപ്പെടുന്നത്) ആ സമൂഹം അതിലെ ഏറ്റവും ദുർബലരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. സാന്ത്വന പരിചരണം ദുർബലരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കുന്നു. നിരാലംബർക്കും അംഗപരിമിതർക്കും നമ്മുടെ നാട്ടിൽ ഇന്ന് നാലുചുമരുകൾക്കുള്ളിലെ ഏകാന്തതയിൽ കഴിയേണ്ട അവസ്ഥ ഇല്ലാതായിരിക്കുന്നു. ഇന്ന് ഏതൊരു സാന്ത്വനപരിചരണ കേന്ദ്രവും, ആ വാക്കിനർഹരായിട്ടുള്ളവരാണെങ്കിൽ, അംഗപരിമിതർക്കായി എന്തെങ്കിലും കർമ്മ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടാവും. അവരുടെ അവകാശങ്ങളെക്കുറിച്ച് അധികാരികളെ ബോധ്യപ്പെടുത്താനായിട്ടുണ്ട്. അപൂർവ്വം അവസരങ്ങളിൽ വീൽചെയർസൗഹൃദ നടപ്പാതകളും, പൊതുകെട്ടിടങ്ങളിലെയ്ക്കുള്ള പ്രവേശന കവാടവും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ദുർബലരെയും നിരാലംബരേയും പ്രതി കരുതലുണ്ടാകുന്ന ഒരു സംസ്‌കാരം ഉണ്ടായിവരിക എന്നത് നിസ്സാര കാര്യമല്ല.

കിടപ്പു രോഗികളെ പരിചരിക്കാനുള്ള കൂട്ടായ യത്‌നത്തിലും, അതിനായുള്ള പരിശീലനത്തിലും പങ്കാളികളാകുന്നതോടെ സമൂഹത്തിനെ ബാധിച്ചിരുന്ന പല രോഗങ്ങളും വരുതിയിലാക്കാൻ സാധിച്ചിട്ടുണ്ട്. ലക്ഷ്യബോധമില്ലാതെ നടന്ന ചെറുപ്പക്കാരെയും മതതീവ്രവാദത്തിലേക്ക് വഴുതിപ്പോകാനിടയുള്ളവരെയും കാരുണ്യത്തിന്റെതും സഹാനുഭൂതിയുടെയും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായിട്ടുണ്ടെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

സ്‌കൂളുകളിലെയും കോളേജുകളിലേയും വിദ്യാർത്ഥികളെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് അവരിൽ സാംസ്‌കാരികമായ വളർച്ചയുണ്ടാക്കുന്നുണ്ട്. പല കുട്ടികളും നേരിട്ട് രോഗീപരിചരണത്തിൽ ഏർപ്പെടുന്നതായും സഹാനുഭൂതിയുടെയും കരുണയുടെയും പാഠങ്ങൾ ഉൾക്കൊള്ളുന്നതായും കാണാൻ കഴിയുന്നു ണ്ട്. ഇത്തരം പ്രവർത്തനങ്ങളെ വേണ്ടവണ്ണം രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്നില്ല എന്നത് ഖേദകരമാണ്.

പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച ഡോക്ടർമാരും, നഴ്‌സുമാരും, ഓക്‌സിലറിനഴ്‌സുമാരും, സന്നദ്ധപ്രവർത്തകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ് അവരുടെ മനോഭാവത്തിൽ വരുന്ന മാറ്റം. സ്‌നേഹവും കാരുണ്യവും കുറെകൂടി സഫലമായി പ്രകാശിപ്പിക്കുവാൻ അവർക്കാവുന്നുണ്ടത്രേ. അതുപൊലെ പൊറുക്കുവാനും ക്ഷമിക്കുവാനുമുള്ള സന്നദ്ധത, അന്യനെ അയാളുടെ തനതു വ്യക്തിത്വത്തിൽത്തന്നെ അംഗീകരിക്കാനുള്ള കഴിവ്, ആരോഗ്യകരമായ പരസ്പരാശ്രിതത്വം എന്നിവയും പരിശീലനത്തിന്റെ ഉപോൽപ്പന്നങ്ങളായി കാണുന്നുണ്ട്. മൊത്തം ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത്തരം പരിശീലനം സിദ്ധിച്ചവർ കണക്കിലെടുക്കാൻ പറ്റാത്തത്ര ചെറുതായിരിക്കാം. എന്നാൽ അവരെല്ലാം അവരവരുടെ കോണുകൾ പ്രകാശമാനമാക്കുന്നുണ്ടാവും. അത് തീർച്ചയായും നാളെ പ്രകാശപൂർണ്ണമായ ഒരു സംസ്‌കാരത്തിലേയ്ക്ക് നയിയ്ക്കും. ഭൂട്ടാൻ രാജാവിന്റെ പ്രയോഗം കടമെടുത്ത് പറയുകയാണെങ്കിൽ 'മൊത്തം ദേശീയാനന്ദം വർദ്ധിപ്പിക്കുന്ന'തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് നല്ലൊരു പങ്കുവഹിക്കാനുണ്ടെന്നു തന്നെയാണ് പാലിയേറ്റീവ് പ്രവർത്തനത്തിലെ ഇതുവരെയുള്ള അനുഭവം സൂചിപ്പിക്കുന്നത്.