സാന്ത്വന പരിചരണത്തിലെ ആത്മീയത
ഡോ. ഇ. ദിവാകരന്‍
(ഡോ. ഇ. ദിവാകരനുമായുള്ള സംവാദത്തിന്റെ അവസാന ഭാഗം)
ആത്മീയയ പരിചരണം പാലിയേറ്റീവ് കെയറിന്റെ ഒരവിഭാജ്യ ഘടകമാണ്. പാലിയേറ്റീവ് കെയർ വികസിച്ചു വന്നത് യൂറോപ്പിലാണല്ലോ. അവിടെ പ്രചാരത്തിലുള്ള മതമാകട്ടെ, ക്രിസ്തുമതവും. പൊതുവെ ആത്മീയതയെ മതപരമായ ചട്ടക്കൂടിലാണ് മനസ്സിലാക്കിയിരുന്നത് എന്നതുകൊണ്ട് അവിടങ്ങളിൽ ക്രിസ്തീയ പൗരോഹിത്യത്തിന് പാലിയേറ്റീവ് പരിചരണത്തിൽ ഒരു പ്രമുഖ സ്ഥാനം കൈവന്നു. ആത്മീയ പരിചരണം എന്നത് വൈദികർ നടപ്പാക്കേണ്ട ഒന്നായാണ് എല്ലാവരും മനസ്സിലാക്കിയത്. എന്നാൽ കാലക്രമേണ ഈ കാഴ്ചപ്പാട് മാറ്റേണ്ടതാണെന്ന് ബോധ്യമായി തുടങ്ങി.
എലിസബത്ത് കുബ്‌ളർ റോസ് തന്റെ ദ വീൽ ഓഫ് ലൈഫ് എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്. കാലാകാലങ്ങളായി ആശുപത്രി ചാപ്പലിനോട് സംസാരിക്കാൻ നിർദ്ദേശിയ്ക്കപ്പെട്ടവർ മിക്കപ്പോഴും നിരാശരാകാറാണ് പതിവ്. ആവർത്തിച്ചു കേൾക്കാറുള്ള പരാതി ഇതാണ്; അവർക്ക് ആകെ ചെയ്യാനുള്ളത് ആ കറുത്ത കൊച്ചു പുസ്തകത്തിൽ നിന്നും വായിക്കുക മാത്രമാണ്. കൃത്യമായി എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത വൈദികൻ യഥാർത്ഥ ചോദ്യങ്ങളെയൊക്കെ മാറ്റി നിർത്തി, തൽസ്ഥാനത്ത് സൗകര്യപൂർവ്വം ഒരു ബൈബിൾ വചനവും പ്രയോഗിച്ച് രംഗത്ത് നിന്ന് നിഷ്‌ക്രമിക്കുന്നു. മതവിശ്വാസങ്ങൾ അന്തിമകാല പരിചരണ വേളയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കിയ ഒട്ടനവധി അനുഭവങ്ങൾ നമ്മുടെ ക്‌ളിനിക്കിൽത്തന്നെ ഉണ്ടായിട്ടുണ്ട്. ചികിത്സിക്കുന്നവന്റേയും ചികിത്സിക്കപ്പെടുന്നവന്റേയും മതവിശ്വാസങ്ങൾ വ്യത്യസ്തമാകുമ്പോൾ ചിന്താകുഴപ്പങ്ങൾ കൂടുതലുമാണ്.
ഇക്കാരണത്താൽ ആത്മീയതയെ മതാതീതമായ ഒരു കാഴ്ചപ്പാടിൽ മനസ്സിലാക്കുകയും രോഗീപരിചരണത്തിൽ ഉൾചേർക്കുകയും ചെയ്യേണ്ടതുണ്ട്.
വേണ്ടത്ര മനസ്സിലാക്കപ്പെടാത്ത ഒരു വാക്കാണ് ആത്മീയത. സുവ്യക്തമായ ഒരു നിർവചനത്തിൽ ഒതുക്കാവുന്ന ഒന്നല്ല ആത്മീയത എന്ന പരികല്പന. ജീവിതത്തിന്റെ ആത്യന്തികമായ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള ഒരവബോധം, താൻ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന തിരിച്ചറിവും അതുണ്ടാക്കുന്ന അത്ഭുതാദരങ്ങളും നമ്മുടെ പ്രവർത്തനങ്ങൾക്കും അനുഭവങ്ങൾക്കും പ്രാപഞ്ചികമായ ഒരു തലത്തിൽ നിന്നും ഉപരിയായി കണ്ടെത്തുന്ന ഒരർത്ഥ തലം. നിരുപാധികമായ സ്‌നേഹം, കരുണ, പൊറുക്കൽ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങൾ, സർഗ്ഗാത്മകത എന്നിങ്ങനെ യൊക്കെയാണ് ആത്മീയത പ്രകാശിക്കപ്പെടുന്നത്. വില്യം ബ്‌ളേക്കിന്റെ പ്രശസ്തമായ വരികളാണല്ലോ ലോകം ഒരു മൺതരിയിൽ കാണാൻ, ഒരു കാട്ടുപൂവിൽ സ്വർഗ്ഗവും. അനന്തതയെ കൈക്കുമ്പിളിലെടുക്കാൻ, നിത്യതയെ ഒരു മാത്രക്കുള്ളിലും.
മന:ശാസ്ത്രജ്ഞനായ യൂങ്ങ് മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ ഒരു ഭൂപടത്തെക്കുറിച്ച് പറയുന്നുണ്ട്. മതാതീതമായ ഒരാത്മീയയയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ചില സൂചനകൾ അതിലുണ്ട്. അദ്ദേഹം ബോധമണ്ഡലത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ഉപരിമണ്ഡലവും അധോമണ്ഡലവും. ഉപരിമണ്ഡലം മനസ്സിന്റെ യഥാതഥമായ, യുക്തിയുക്തമായ വശത്തെ പ്രതിനിധീകരിക്കുന്നു. നാം ഉണർന്നിരിക്കുമ്പോൾ ചൈതന്യവത്തായിരിക്കുന്ന ഒന്നാണിത്. നമ്മുടെ നിത്യ നൈമിത്തികമായ പ്രാപഞ്ചിക വ്യാപാരങ്ങളെല്ലാം നിർവഹിക്കപ്പെടുന്നതിവിടെയാണ്. ഇവിടെ ആശയവിനിമയത്തിനുപയോഗിക്കുന്നത് കൃത്യമായി നിർവചിക്കപ്പെട്ട വാക്കുകളാണ്. കാര്യങ്ങൾ വിവേചിച്ചറിയുവാനുള്ള കഴിവാണ് ഉപരിമണ്ഡലത്തിന്റെ കരുത്ത്. ഈഗോ അഥവാ ഞാൻ ആണ് ഉപരിമണ്ഡലത്തിന്റെ ബോധകേന്ദ്രവും സംഘാടകനും. ഈഗോ ഈ ഉപരി മണ്ഡലത്തിൽ സ്വൈരമായി വിഹരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇവിടെ കാര്യങ്ങളെല്ലാം ചിട്ടയൊടെ, പൂർവ്വപരബന്ധത്തോടെ യുക്തിയുക്തതയോടെയാണ് സംഭവിക്കുന്നത്. പ്രവചിക്കുന്ന പോലെത്തന്നെ കാര്യങ്ങൾ നടക്കുന്നു. ഇവിടെ ഈഗൊയുടെ വരുതിയിലാണ് കാര്യങ്ങൾ. സ്വന്തം തട്ടകത്തിൽ വസിക്കുന്ന ആശ്വാസവും ആത്മവിശ്വാസവും.
ഇതിനു വ്യത്യസ്തമായി അധോമണ്ഡലം സാധാരണ ഗതിയിൽ അവബോധമായ, സഹജാവബോധത്തിന്റെതായ വശത്തെ പ്രതിനിധീകരിക്കുന്നു. നമ്മുടെ സ്ഥൂല ശരീരമായും വികാരങ്ങളുമായും അത് ദൃഢതരമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ആശയ വിനിമയം നടക്കുന്നത് വാക്കുകളിലൂടെയല്ല. ഛായകൾ, ചിഹ്നങ്ങൾ, മിത്തുകൾ എന്നിവയിലൂടെയാണ് ആശയവിനിമയം. ഉറങ്ങുന്ന വേളയിൽ സ്വപ്നദർശനത്തിലാണ് അത് കർമോന്മുഖനാകുന്നത്. ഉണർന്നിരിക്കുമ്പോഴാകട്ടെ ദിവാസ്വപ്നങ്ങൾ കാണുമ്പോഴും. സർഗ്ഗാത്മകമായ കർമ്മങ്ങൾ ചെയ്യുമ്പോൾ, ധ്യാനവേളകളിലും ഇത് സജീവമാകുന്നു. മുമ്പ് അറിഞ്ഞിരുന്നതും പിന്നീട് മറന്നുപോയതുമായ; ഒരു പ്രാചീനമായ, വ്യത്യസ്തമായ കാലസങ്കല്പവും കാര്യകാരണബന്ധങ്ങളും ബാധകമായ ഒരു സ്ഥലം വീണ്ടും ഓർമ്മിച്ചെടുക്കുന്ന ഒന്നായി ഈ മണ്ഡലത്തെ വ്യവഹരിക്കാവുന്നതാണ്. പ്രത്യുല്പന്ന മതിത്വത്തിന്റെയും ശിശുസഹജമായ നൈസർഗ്ഗികതയുടെയും അപാരമായ ഒരു സ്രോതസ്സാണിത്. ഇതിന്റെ ഇരുളടഞ്ഞ മൂലകളിൽ ജീവിതത്തിന്റെ പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്താനാകും. ഈ അധോമണ്ഡലത്തിന്റെ കേന്ദ്രത്തെ യുങ്ങ് സെൽഫ്, (അഹം) എന്നാണ് വിശേഷിപ്പിക്കുന്നത്. അന്തര്യാമിയായ ഇതിനെ നമുക്ക് ആത്മാവെന്നും വിളിക്കാമെന്ന് തോന്നുന്നു. യൂങ്ങ് തന്നെ മറ്റൊരിടത്ത് ഇതിനെ വിശേഷിപ്പിച്ചത് നമ്മുടെ ഉള്ളിലെ ഈശ്വരൻ (The God Within Us) എന്നാണ്.
സ്വാഭാവികമായും അടുക്കും ചിട്ടയുമുള്ള ഉപരിമണ്ഡലത്തിൽ തനിക്കുതാൻപോരിമയോടെ വിരാജിക്കുന്ന ഈഗോ, അരാജകത്വത്തിന്റെതായ അധോമണ്ഡലത്തെ ഇഷ്ടപ്പെടുന്നില്ല. നിരവധി മനോമാലിന്യങ്ങളും, ജന്മവാസനകളും അടിഞ്ഞുകൂടി നില്ക്കുന്ന അന്തമില്ലാത്ത ഒരഗാധ ഗർത്തത്തിലേക്ക് നോക്കുന്ന പോലെയാണ് ഈഗോ ഈ മണ്ഡലത്തെ വീക്ഷിക്കുന്നത്.അജ്ഞേയമായ ഈ വിതാനത്തിലേയ്ക്കുള്ള യാത്ര ഈഗോ കഴിവതും ഒഴിവാക്കുന്നു. എന്നാൽ ചില നേരങ്ങളിൽ ഈഗോ സ്വയമറിയാതെതന്നെ, തെന്നിമാറി, ഈ അധോമണ്ഡലത്തിലേക്ക് പ്രയാണം ചെയ്യാറുമുണ്ട്. അത്തരം പ്രയാണങ്ങളെല്ലാം തന്നെ അത്യന്തം സഫലമായിത്തീരുന്നതായാണ് കാണുന്നത്. പ്രാപഞ്ചിക തലത്തിൽ നിരർത്ഥകമെന്നു തോന്നിയിരുന്ന പല പ്രഹേളികകൾക്കും പുതിയൊരർത്ഥതലം കണ്ടെത്താൻ ഈ ബന്ധിപ്പിക്കലിന് സാധിക്കുന്നു.
കവിയും ചിന്തകനുമായ സച്ചിദാനന്ദൻ അയ്യപ്പ പണിക്കരുടെ കവിതകളിലെ ആത്മീയതയെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽ അനുഭവങ്ങളുടെ ഈ രണ്ടുതലത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ഒരു കർഷകന്റെ കാർഷിക വൃത്തിയെയാണ് ഉദാഹരണമായി എടുക്കുന്നത്. പാടത്ത് പണിയെടുക്കുന്ന ഒരു കർഷകനെ സങ്കല്പിക്കുക. അദ്ദേഹം നിലം പാകമാക്കുന്നു, വിത്ത് വിതയ്ക്കുന്നു, ഞാറ് പരിചരിക്കുന്നു, വളം ചെയ്യുന്നു, അവസാനം വിളവെടുക്കുന്നു. ഇതാണ് അയാളുടെ ജീവനോപാധി. ഇതാണ് പ്രാപഞ്ചിക തലത്തിൽ അയാളുടെ പ്രവർത്തിക്കുന്ന അർത്ഥം. എന്നാൽ ആ കർഷകൻ തന്റെ ഈ പ്രവർത്തിയെത്തന്നെ മറ്റൊരുവിധത്തിൽ നിർവചിക്കുന്നുണ്ട്. വിതച്ച വിത്തുകൾ പൊട്ടിവിരിയുമ്പോൾ പുതുമുളയിലെ ജീവസ്പന്ദനത്തെ അത്ഭുതാദരത്തോടെയും, വാത്സല്യത്തോടെയും കാണുകയും സർവ്വംസഹയായ സ്‌നേഹനിധിയായ അമ്മയായി മണ്ണിനെ കാണുകയും ചെയ്യുമ്പോൾ അതൊരാത്മീയാനുഭവമായിത്തീരുന്നു. ഉപരിമണ്ഡലത്തിലെ അനുഭവത്തെ അധോമണ്ഡലത്തിലേക്ക് ബന്ധിപ്പിക്കുമ്പോഴാണ് ഈ ഒരു ആൽകെമി സംഭവിക്കുന്നത്. ആ കർഷകൻ ഒരു കവിയോ, കലാകാരനോ ആയിരുന്നെങ്കിൽ ഒരു കവിതയായോ ചിത്രമായോ അതിനൊരു പ്രകാശനം കിട്ടുമായിരുന്നു. അതൊന്നുമില്ലെങ്കിലും ഈ അനുഭവം അയാളെ ആന്തരികമായി കൂടുതൽ സമ്പന്നനാക്കിയിട്ടുണ്ടാവും തീർച്ച. ഒരു പക്ഷേ പിറ്റേന്ന് അയാളെ പാടത്തേക്ക് നയിക്കുന്നതിൽ പ്രാപഞ്ചികമായ അനിവാര്യതകളെക്കാൾ ആത്മീയമായി അയാൾ അനുഭവിച്ച ധന്യതയായിരിക്കും ചാലകശക്തിയായി വർത്തിച്ചിരിക്കുക. ഏതൊരു പ്രാപഞ്ചിക വ്യവഹാരത്തിനും ഇത്തരം അഗാധവും സാർലൗകികവുമായ മറ്റൊരു അർത്ഥതലം കണ്ടെത്താനാകും. ആ അർത്ഥതലം കണ്ടെത്തുമ്പോഴാണ് ജീവീതം കൂടുതൽ യഥാർത്ഥമാകുന്നത്. അർത്ഥപൂർണ്ണമാകുന്നത്.
രോഗാവസ്ഥയിൽ എന്താണ് സംഭവിക്കുന്നത്? രോഗത്തിന് പ്രത്യേകിച്ച് മാറാരോഗത്തിന് അടിമപ്പെടുമ്പോൾ ഈഗോ തന്റെ നിലനില്പിനുതന്നെ ഭീഷണി നേരിടുകയാണ്. സ്വാഭാവികമായും അത് ഉപരിമണ്ഡലത്തിൽത്തന്നെ (തനിക്ക് നിയന്ത്രണമുള്ള മേഖല) അള്ളിപ്പിടിച്ച് നില്ക്കാനാണ് ശ്രമിക്കുക. അധോമണ്ഡലത്തിലേക്കുള്ള പ്രയാണത്തെ ഏതുവിധേനയും ഒഴിവാക്കുന്നു. ഫലമോ, രോഗാനുഭവത്തിന്റെ ആന്തരികമായ അർത്ഥതലം കണ്ടെത്താനാകാതെ രോഗാനുഭവം കേവലമായ ദുരിതാനുഭവമായി മാറുന്നു. ഇതാണ് രോഗി അനുഭവിക്കുന്ന യഥാർത്ഥ ആത്മീയ പ്രതിസന്ധി. ഇത് രോഗിയിൽ പ്രകടമാകുന്നത് പലവിധത്തിലാണ്. ഒരിക്കലും ശമനം കിട്ടാത്ത വേദന, മറ്റു ശാരീരിക വിഷമതകൾ, തീർത്തും നിസ്സഹായമായ അവസ്ഥ, പ്രതീക്ഷകൾ നശിച്ചുപോയ അവസ്ഥ എന്നിങ്ങനെ. സാധാരണഗതിയിൽ വിജയിക്കാറുള്ള ശാരീരികവും മാനസികവുമായ ഇടപെടലുകൾ ഫലവത്താകാത്ത അവസ്ഥ സംജാതമാകുന്നു. വിക്ടർ ഫ്രാങ്ക്ൾ പറയുകയുണ്ടായി ദുരിതം കൊണ്ടു മാത്രം മനുഷ്യൻ തകർന്നു പോകില്ല, നിരർത്ഥകമായ ദുരിതം അവനെ തകർത്തുകളയുന്നു.
ആത്മീയ പ്രതിസന്ധിയുടെ രോഗനിദാനം (pathology) മനസ്സിലായല്ലോ. ഉപരിമണ്ഡലവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ് ആത്മീയ പ്രതിസന്ധിക്കു കാരണം. ഈഗോയുടെ ഭീതി ദൂരീകരിച്ച് അതിന്റെ അധോമണ്ഡലത്തിലേക്കുള്ള സ്വാഭാവികമായ പ്രയാണത്തെ സഹായിക്കുക എന്നതാണ് ആത്മീയ പരിചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈഗോയുടെ ഈ പ്രയാണത്തെ എങ്ങനെ സുഖകരമാക്കാം? ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ഫലപ്രദമായി പരിഹരിക്കുക എന്നതു തന്നെയാണ് ആദ്യപടി. അതു സാധിച്ചാൽ ഈഗോയുടെ ഭീതി ഇല്ലാതാകുകയും അധോമണ്ഡലവുമായി നഷ്ടപ്പെട്ടുപോയ പാരസ്പര്യം (Connectedness) തിരിച്ചുകിട്ടുകയും ചെയ്യുന്നു. ഇവിടെ പരിചരിക്കുന്ന വിധവും പ്രധാനമാണ്. സിസിലി സോണ്ടേഴ്‌സ് പറഞ്ഞ പോലെ ഏറ്റവും രഹസ്യമായ ഉള്ളറകളിലേക്ക് എത്തുന്ന വിധത്തിലാവണം പരിചരണം.
രോഗപരിചരണത്തിലേർപ്പെടുന്ന ആളുടെ ആത്മീയത എങ്ങനെ ആയിരിക്കണം? അതൊരു സഹയാത്രികന്റെ മാനസികാവസ്ഥയാണ്. ഏകാന്തവും ക്ലേശപൂർണ്ണവുമായ യാത്രയിൽ അയാൾക്ക് തുണയായി ഒപ്പം സഞ്ചരിക്കുക എന്നതുതന്നെ. പേടി തോന്നുമ്പോൾ കേവലം സാന്നിധ്യമായി മാത്രം, കരുതലോടെ ഒപ്പം. ഓരോ രോഗിക്കും തനതായ വ്യക്തിത്വങ്ങളാണെന്നും, ഓരോരുത്തരുടേയും സമസ്യകൾ വ്യത്യസ്തമാണെന്നുമുള്ള തിരിച്ചറിവോടെ ആദരപൂർവ്വം രോഗിക്കൊപ്പം അനുയാത്ര ചെയ്യലാണ് പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് ചെയ്യാവുന്നത്.
ഷീല കാസിഡി ഈ അനുയാത്രികന് ചിലപ്പോൾ ഒരു വയറ്റാട്ടിയുടെ റോളും കൊടുക്കുന്നുണ്ട്. രോഗിയെ സംബന്ധിച്ചിടത്തോളം അന്ത്യവേള ഒരു പുതുജന്മവേള തന്നെയാണ്. മനുഷ്യൻ അവന്റെ എല്ലാനിസ്സാരതകളിൽ നിന്നും, സ്വാർത്ഥതകളിൽ നിന്നും മോചിതനായി മാനുഷികതയുടെ പരമകാഷ്ഠയിലേക്ക് വളരുന്ന ഒരു പ്രക്രിയ അന്ത്യവേളകളിൽ സംഭവിക്കാറുണ്ട്. ഇതൊരു പ്രസവം പോലെത്തന്നെയാണ്. രോഗിയുടെ തനതായ ഈടുവെപ്പുകൾ തന്നെയാണ് ഈ പ്രക്രിയയിലെ ചാലകശക്തി. ഇവിടെ പ്രസവവേളയിലെന്നപോലെ, സമാധാനിപ്പിച്ചും, സഹായിച്ചും ഉത്സാഹിപ്പിച്ചും വിപൽസൂചനകളെ കരുതലോടെ നിരീക്ഷിച്ചുകൊണ്ടും വർത്തിക്കുന്ന ഒരു വയറ്റാട്ടി തന്നെയാണ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ. മറ്റൊരാളുടെ യഥാർത്ഥമായ സാന്നിധ്യം സുരക്ഷയുടെ ഒരു ഇടമാണ്. രോഗികൾക്കൊക്കെ അത്തരമൊരു സുരക്ഷാതാവളം കൊടുക്കാൻ നമുക്കാകണം; അവർക്ക് സ്വയം തയ്യാറായെന്നു തോന്നുമ്പോൾ അരക്ഷിതത്വത്തെ നേരിടാനൊരുങ്ങാൻവേണ്ടി.
ആത്മീയതയെപ്പറ്റി ഇത്തരത്തിലുള്ള ഒരുൾക്കാഴ്ച നേടിയവർക്കുമാത്രമേ ഫലപ്രദമായി ആത്മീയപരിചരണം നല്കാനാകുകയുള്ളൂ. തന്റെതന്നെ മനസ്സിന്റെ അധോമണ്ഡലത്തിന്റെ ഭൂമിശാസ്ത്രം അയാൾക്കറിയണം. താൻ എന്ന വ്യക്തി സമഷ്ടിയുടെ ഒരു ഭാഗം തന്നെയാണെന്ന തിരിച്ചറിവ് അപ്പോൾ അയാളിലുണ്ടാകും.
'എങ്ങു മനുഷനു ചങ്ങല കൈകളി
ലങ്ങെൻ കയ്യുകൾ നൊന്തീടുകയാ
ണെന്നോ മർദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു' എന്ന് എൻ.വി. കൃഷ്ണവാരിയർ
നമ്മുടെ പാലിയേറ്റീവ് കെയറിലെ സന്നദ്ധപ്രവർത്തകയായ രാധസിസ്റ്റർ ഒരുപാട് ശാരീരിക വിഷമതകൾക്കിടയിലാണ് രോഗീപരിചരണത്തിനായി ക്‌ളിനിക്കിലെത്തുന്നത്. എന്തിനിങ്ങനെ കഷ്ടപ്പെട്ട് വരുന്നു എന്ന ചോദ്യത്തിന് അവരുടെ ഉത്തരം വരാതെ പറ്റില്ല എന്നായിരുന്നു. വേദനിയ്ക്കുന്നവരോടുള്ള ഈ ഐക്യപ്പെടൽ ആണ് പാലിയേറ്റീവ് കെയറിലെ ആത്മീയതയുടെ സാരാംശം.