നക്ഷത്രക്കണ്ണുള്ള അമ്മമാർ
സഹറ കെ.എസ്
(MSW ട്രെയിനി, പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)
മനസ്സിൽ ഒരു പെരുമ്പറ കൊട്ടുന്ന പ്രതീതിയോടെ ആണ് ഞാൻ ഈ ലേഖനം എഴുതുന്നത്. ആ ആറു നക്ഷത്ര കണ്ണുകൾ എന്റെ നയനങ്ങളെ വീണ്ടും വീണ്ടും ഈറനണിയിക്കുന്നു.
മെയ് പത്ത് ഒരു ബുധനാഴ്ചയാണ് പെയിൻ ആൻറ് പാലിയേറ്റീവ് കെയറിൽ നിന്ന് ഞാൻ ഗൃഹപരിചരണത്തിന് പോയത്. എന്നത്തെയും പോലെ ദൈവസാന്നിധ്യം മനസ്സിലുറപ്പിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. ആദ്യം പോയത് ജീവനറ്റ പകുതി ശരീരം വഹിച്ചുകൊണ്ട് കഴിയുന്ന ഒരു യുവാവിന്റെ അടുത്തേക്കാണ്. ഹോംകെയറിന്റെ നടപടികളൊക്കെ തീർത്ത ശേഷം ഞങ്ങൾ അടുത്ത രോഗിയെ കാണുന്നതിനായി യാത്രയായി. കുറച്ചുനേരത്തെ ശ്രമത്തിനുശേഷം രണ്ടാമത്തെ രോഗിയുടെ വീട്ടിൽ ഞങ്ങൾ എത്തിപ്പെട്ടു.
ഹോംകെയർ വാഹനത്തിൽ നിന്നിറങ്ങി പുറകോട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടത് ഒരു പഴയ ഇരുനില കെട്ടിടമായിരുന്നു. ഒരു വീടിന്റെ മുഖഛായ ആയിരുന്നില്ല ആ കെട്ടിടത്തിന്. ഹോംകെയറിന്റെ മറ്റ് അംഗങ്ങളുടെ പുറകേ ഞാനും ആ കെട്ടിടത്തിനരികിലേക്ക് നീങ്ങി. റോഡിന്റെ തൊട്ടടുത്തുള്ള ആ കെട്ടിടത്തിന് മുറ്റം എന്ന് പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കോളിങ്ങ് ബെൽ അടിച്ച് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വാതിൽ തുറക്കപ്പെട്ടു. ആകാംക്ഷയോടെ പുറത്ത് കാത്തുനിന്ന ഞങ്ങൾക്ക് മുന്നിലേക്ക് അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു പുഞ്ചിരി തൂകി. ഈറനാൽ തിളങ്ങുന്ന കണ്ണുകളുള്ള അവർ നിറഞ്ഞ മനസ്സോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ആ അമ്മയുടെ പേര് അമ്മു എന്നായിരുന്നു. അമ്മ ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടുപോയി.
പ്രകാശം ഒട്ടും പ്രവേശിക്കാത്ത ആ വീടിന്റെ അകം ഇരുട്ടിനാലും ചിന്നിച്ചിതറിയ വീട്ടുപകരണങ്ങളാലും നിറഞ്ഞതായിരുന്നു. അസഹ്യമായ ദുർഗന്ധം തലച്ചോറിനെ കീറിമുറിച്ചപ്പോൾ, ഒരു നിമിഷം ഞാൻ നിശ്ചലമായി നിന്നു ചിന്തിച്ചു. തിരികെ.... വേണ്ട എന്ന് മനസ്സിലുറപ്പിച്ച് ഞാൻ മുന്നോട്ട് പോയി. നേരെ കാണുന്ന മുറിയെ ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് എന്റെ ഇടതുഭാഗത്ത് കട്ടിലിനരികിൽ എൺപതിനടുത്ത് പ്രായമുള്ള വെളുത്ത വസ്ത്രധാരിയായ ഒരമ്മ. ഇരുട്ടിലും അവരുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ കുറച്ച് നേരം അവരോട് സംസാരിച്ചു; അവർ തീർത്തും അവശ ആയിരുന്നു. എന്നാലും നടക്കുകയും, അത്യാവശ്യം ജോലികളും അവർ ചെയ്യുമെന്നാണ് പറഞ്ഞത്. അവരുടെ പേർ അമ്മിണി എന്നായിരുന്നു. അവർ ഞങ്ങളെ രോഗിയെ കാണുന്നതിനായി ഞാൻ നേരത്തെ കണ്ട മുറിയിലേക്ക് കൊണ്ടുപോയി. ഇരുട്ടിന്റെ സാന്നിധ്യം നിറഞ്ഞ ആ മുറിയിൽ കഷ്ടിച്ച് രണ്ട് പേർക്കേ നില്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഒരു കട്ടിലിന് പുറമേ അലമാര, മേശ എന്നിവ കൂടി ആ ചെറിയ മുറിയിൽ ഉണ്ടായിരുന്നു.
അവിടെ ഞാൻ കണ്ടത് എന്നെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു കാഴ്ച ആയിരുന്നു. അഴുക്കു നിറഞ്ഞ ജഡകളോടുകൂടിയ തലമുടിയുള്ള ഒരു സ്ത്രീ. അമ്പത്തിയേഴ് വയസ്സുള്ള അവരുടെ പാതി ജീവൻ പതിനൊന്നാം വയസ്സിൽ ദൈവം തിരിച്ചെടുത്തു. മൂന്നാം വയസ്സിൽ പോളിയോ എന്ന മാരകരോഗം ബാധിച്ചു. പതിനൊന്ന് വയസ്സുവരെ അവർ എഴുന്നേറ്റു നടന്നിരുന്നു. പിന്നീടാണ് രോഗം അവരുടെ ജീവിതത്തിൽ ശരിക്കും ഒരു വില്ലനായി മാറിയത്. പതിനൊന്ന് വയസ്സുമുതൽ അവരുടെ പകുതി ശരീരത്തിന്റെ പ്രവർത്തനം എന്നെന്നേക്കുമായി നിലച്ചു. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ അവരുടെ കൈകാലുകളിലെ നഖങ്ങൾ വളർന്ന് അഴുക്കോടുകൂടി വളഞ്ഞിരിക്കുന്നു. ചലിപ്പിക്കാൻ കഴിയാത്ത കാലുകളിലെ ചർത്തിന് നിറവ്യത്യാസം വന്നിട്ടുണ്ട്. കൂടെയുള്ള വളണ്ടിയർ പറഞ്ഞു ആ നിറവ്യത്യാസം മുറിവുണ്ടാകുന്നതിന് മുന്നോടിയായി വരുന്നതാണെന്ന്. അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അവരുടെ പേര് ചോദിച്ചപ്പോൾ എന്റെ മുഖത്ത് ചിരി പടർന്നു. കാരണം അവരുടെ പേരും അമ്മിണി എന്നുതന്നയായിരുന്നു. സഹായത്തിന് വയസ്സായ രണ്ട് അമ്മമാർ മാത്രം. അവരോട് സംസാരിച്ചപ്പോൾ മനസിലായത് ഞങ്ങൾക്ക് വാതിൽ തുറന്ന് തന്ന അമ്മ അവരുടെ അകന്ന ഒരു ബന്ധുവും, പിന്നീട് കണ്ട അമ്മ അവരുടെ രണ്ടാനമ്മയും ആണെന്ന്. ഈ മൂന്നുപേരും മാത്രമാണ് ആ വീട്ടിൽ കഴിയുന്നത്. ബന്ധുക്കൾ ചിലർ ഉണ്ടെങ്കിലും, ഇടക്ക് വല്ലപ്പോഴും പൈസ കൊടുക്കുമെന്നല്ലാതെ മറ്റു സഹായങ്ങളൊന്നും ചെയ്തിരുന്നില്ല. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. അയൽക്കാർ പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തികച്ചും നിസ്സഹായവസ്ഥ. ഇതെല്ലാം ഞങ്ങളോട് വിശദീകരിച്ചു തരുമ്പോൾ മൂവരുടെയും കണ്ണുകൾ ഈറനിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ആരോരും ഇല്ലാത്ത അവസ്ഥ, ചലനമറ്റ പാതി ശരീരം, ഇരുട്ടും ദുർഗന്ധവും തളം കെട്ടി നിറഞ്ഞ മുറി, കൂടെ പട്ടിണിയുടെ ലാളനയും. ഒരു ഡോസ്റ്റോസ്‌കിയൻ നോവലിൽ നിന്നുള്ള ജീവനുള്ള ചിത്രം പോലെ. എന്തിനാണ് ദൈവം മനുഷ്യരെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്? എല്ലാം കൂടി എനിക്ക് അസഹനീയമായ മാനസിക സംഘർഷം സൃഷ്ടിച്ചു. എന്തെന്നറിയില്ല, എന്റെ അമ്മ, സഹോദരങ്ങൾ, ഗുരുക്കന്മാർ, കൂട്ടുകാർ എല്ലാവരുടെയും മുഖങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. അതെ ഞാൻ തനിച്ചല്ല. ഈ ലോകത്തുള്ള എല്ലാവരും എന്റെ സ്വന്തമാണെന്ന് എനിക്ക് തോന്നി. ഇവരും എന്റെ ആരെല്ലാമോ ആണെന്ന് എനിക്ക് തോന്നിപ്പോയി. അപ്പോൾ വിഷമങ്ങളും, ഒറ്റപ്പെടലും, കഷ്ടപ്പാടും പട്ടിണിയും അനുഭവിച്ചിട്ടില്ലാത്ത എനിക്ക് ഈ മൂന്ന് പേരുടെയും വിഷമങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ആരോടും പരാതിയും പരിഭവവും ഇല്ലായിരുന്നു അവർക്ക്. നാളത്തെക്കുറിച്ച് ആകുലതകളോ പ്രതീക്ഷകളോ അവർക്കില്ല. പിന്നെ ആകെയുള്ള വിഷമം. നാളെ ഞങ്ങൾ ആർക്കെങ്കിലും ഭാരമാകുമോ എന്നതുമാത്രം. ഒരു മുൻ ബന്ധങ്ങളും ഇല്ലാഞ്ഞിട്ടുകൂടി ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഇവരെ സാന്ത്വനിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയോട് ഒത്തിരി ബഹുമാനവും സ്‌നേഹവുമൊക്കെ തോന്നി എനിക്ക്. ഈ നന്മയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞ ഞാനും ഭാഗ്യവതി.
എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഞാൻ ഒന്നു കൂടി തിരിഞ്ഞു നോക്കി; അപ്പോഴും അവരുടെ മിഴികൾ കണ്ണുനീരിൽ പ്രതിഫലിച്ച് നക്ഷത്രം കണക്കെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു..