മതമില്ലാത്ത മരണം
പുഷ്പലത കെ.വി
(പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)
വാർധക്യസഹജമായ വേദനയനുഭവിക്കുന്ന എഴുപത്താറുകാരിയാണ് ഏല്യാമ്മ. നമ്മുടെ ക്‌ളിനിക്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിവാഹിത; സ്വന്തമെന്നു പറയാൻ ആരുമില്ല. ഞങ്ങൾ ഗൃഹപരിചരണത്തിന് ചെന്നതാണ്.
ഗൃഹപരിചരണം സാന്ത്വന പ്രവർത്തനത്തിന്റെ ജീവവായുവാണ്. ദീർഘകാല രോഗങ്ങളാൽ കിടപ്പിലായ സഹോദരീസഹോദരന്മാരെ അവരുടെ വീടുകളിൽ പോയി സാന്ത്വനപരിചരണം നല്കുകയാണ് ഇതിലൂടെ നാം നിർവ്വഹിക്കുന്നത്. മരുന്നുകൾ കൊടുക്കുന്നതിൽ മാത്രമൊതുങ്ങുന്നതല്ല ഗൃഹസന്ദർശനം. കിടപ്പിലായിപ്പോയവരുടെ സാമൂഹ്യവും മാനസികവും ആത്മീയവുമായ ബുദ്ധിമുട്ടുകളെ പാലിയേറ്റീവ് അംഗങ്ങൾ ക്രിത്മകമായി അഭിസംബോധന ചെയ്യുന്നു. അവരെ അയൽപക്കങ്ങളുമായി കൂട്ടിയിണക്കി, അവരുടെ പരിചരണം മൊത്തം സമൂഹത്തിന്റെ ബാധ്യതയാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. കാൻസർ, വൃക്കത്തകരാറ്, പീഡിതമായ വാർധക്യം എന്നിവയാൽ ദീർഘകാലമായി കിടപ്പിലായിപ്പോയ സഹോദരീസഹോദരങ്ങളുടെ സമഗ്രപരിചരണം നിങ്ങളും ഞാനുമടങ്ങുന്ന പൊതുസമൂഹത്തിന്റെ ധാർമ്മിക ബാധ്യതയാണ്.
വാതിൽ തുറന്നുതന്നത് ഏല്യാമ്മയേക്കാൾ പ്രായമുള്ള സ്ത്രീ. പേര് ലക്ഷ്മിയമ്മ; കഴുത്തിൽ രുദ്രാക്ഷമാലയും ഗുരുവായൂരപ്പന്റെ ലോക്കറ്റും. ഏല്യാമ്മയുടെ കഴുത്തിൽ മാലയും കുരിശും. ലക്ഷ്മിയമ്മയുടെ ഭൃത്യയാണ് ഏല്യാമ്മ. ഏതാനും ദിവസമായി കിടപ്പിലായിട്ട്. വൃത്തിയുള്ള ചെറിയ മുറിയിൽ പായയിലാണ് ഏല്യാമ്മ കിടക്കുന്നത്. ശയ്യാവ്രണമുണ്ട്. ലക്ഷ്മിയമ്മയുടെ വീട്ടിൽ പുറംപണിയ്ക്ക് വരുന്ന ഒരു സ്ത്രീ ഏല്യാമ്മയെ ദിവസേന വൃത്തിയാക്കും; കുളിപ്പിയ്ക്കും. ലക്ഷ്മിയമ്മ അതിന് പ്രത്യേകംപണം നല്കുന്നുണ്ട്.
ഏല്യാമ്മയ്ക്ക് കന്യാസ്ത്രീ മഠത്തിന് സമീപം അഞ്ചുസെൻറ് സ്ഥലവും ഒരു കൂരയുമുണ്ട്. ഏല്യാമ്മയുടെ മരണശേഷം ആ സ്വത്തിന്റെ അവകാശം മഠത്തിനാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ലക്ഷ്മിയമ്മയുടെ വീട്ടിൽ ചെറുപ്രായത്തിൽ തന്നെ ജോലിയ്ക്കു നിന്നയാളാണ് ഏല്യാമ്മ. കിടപ്പിലായ ഏല്യാമ്മയെ കൈവിടാൻ ലക്ഷ്മിയമ്മ തയ്യാറല്ല. ഏല്യാമ്മയെ കൈവിട്ടാൽ ദൈവ ശാപമുണ്ടാകുമെന്നാണ് ലക്ഷ്മിയമ്മ പറയു ന്നത്. ലക്ഷ്മിയമ്മയുടെ ഭർത്താവ് കൃഷ്ണൻനായർ മരിച്ചിട്ട് നാലുവർഷമായി. പിന്നീട് ലക്ഷ്മിയയ്ക്ക് രാത്രിയും പകലും ഏല്യാമ്മ കൂട്ടുകാരി കൂടിയായി.
ഏല്യാമ്മയ്ക്ക് വേദന അധികമായാൽ ലക്ഷ്മിയമ്മയോട് കയർക്കും; വഴക്കുപറയും. അവൾക്ക് വേദനിച്ചിട്ടല്ലേ? അവൾ ചീത്ത പറഞ്ഞോട്ടെ എന്നാണ് ലക്ഷ്മിയമ്മയ്ക്ക് പറയാനുള്ളത്. ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ അവളോട് കയർത്തിട്ടില്ലേ? എന്നെ ചീത്ത വിളിക്കാൻ അവൾക്കും അവകാശമുണ്ട്.
ലക്ഷ്മിയയുടെ മകൻ ഗൾഫുകാരൻ. തൊട്ടടുത്ത് വലിയ വീട് വെച്ചിരിയ്ക്കുന്നു. ഏല്യാമ്മയെ അവരുടെ സ്വന്തം വീട്ടിലാക്കി അമ്മയ്ക്ക് തന്റെ കൂടെ വന്നുതാമസിക്കരുതോ? ഏല്യാമ്മയെ മഠത്തിലെ കന്യാസ്ത്രീകള് നോക്കിക്കോളും. അമ്മ എന്തിനാണ് അവരെ ശുശ്രൂഷിയ്ക്കുന്നത്? മകന്റെ വാദം അമ്മ തള്ളിക്കളഞ്ഞു.
ഞങ്ങൾ ഏല്യാമ്മയുടെ ശയ്യാവ്രണം വൃത്തിയാക്കുമ്പോൾ മഠത്തിലെ ഒരു കന്യാസ്ത്രീ വന്നു. ഏല്യാമ്മയെ പരിചരിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞങ്ങളോട് ചോദിച്ച് മനസ്സിലാക്കി. ശരീരം നനച്ചു തുടയ്ക്കാൻ കന്യാസ്ത്രീയും വൃദ്ധയായ ലക്ഷ്മിയമ്മയും സഹായിച്ചു. ഞങ്ങൾ വാട്ടർബെഡ് ശരിയാക്കി. ഏല്യാമ്മയെ എടുത്തു കിടത്തി. പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യാൻ വൈകിയത് തെറ്റായിപ്പോയി എന്ന് ലക്ഷ്മിയ കുറ്റസമ്മതം നടത്തി. ഇനി മുതൽ മഠത്തിലെ കന്യാസ്ത്രീകൾ ഏല്യാമ്മയെ പരിചരിയ്ക്കാൻ ദിവസേന വരുമെന്ന് ഞങ്ങൾക്കും ലക്ഷ്മിയമ്മയ്ക്കും ഉറപ്പുതന്നു. ഏല്യാമ്മയുടെ മുഖം പ്രസന്നമായി.
രണ്ട് ആഴ്ച കഴിഞ്ഞ് ഏല്യാമ്മയെ കാണാൻ ഞങ്ങൾ വീണ്ടും ചെന്നു. ഏല്യാമ്മയുടെ ശയ്യാവ്രണങ്ങൾ ഉണങ്ങിയിരിക്കുന്നു. ഏല്യാമ്മയുടെ പുഞ്ചിരി ആകർഷകമായിരുന്നു. ഞങ്ങൾ സന്തോഷം പ്രകടിപ്പിച്ചു; ഏല്യാമ്മയുടെ കൈപിടിച്ചു. ലക്ഷ്മിയമ്മ എന്നെ കെട്ടിപ്പിടിച്ചു. കന്യാസ്ത്രീകൾക്കും പാലിയേറ്റീവ് കെയറിലെ ഗൃഹപരിചരണ സംഘത്തിനും നന്ദി പറഞ്ഞു.
നാലുനാൾ കഴിഞ്ഞു. ഞാൻ ഫാർമസിയിൽ ജോലി ചെയ്യുമ്പോഴാണ് ഫോൺ വന്നത്. ലക്ഷ്മിയമ്മയുടെ വിറയാർന്ന ശബ്ദം.
കുട്ട്യേ..... ഏല്യാമ്മ പോയി. ലക്ഷ്മിയമ്മ കരയുന്നു...!
മതമില്ലാത്ത ജീവൻ കേരളത്തിൽ സൃഷ്ടിച്ച കോലാഹലം ഞാൻ ഓർത്തുപോയി.
ഇത് മതമില്ലാത്ത മരണമാണ്.... അഥവാ മതാതീതമായ മരണമാണ്.....