'ലഹരി' സുഖത്തിന്റെ ദാരുണമായ അന്ത്യം!

ജിൻസി ചാക്കോ. സി

(പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)

പാലിയേറ്റീവ് കെയറിൽ ഞാൻ സേവനമാരംഭിച്ചിട്ട് ഏഴുവർഷമായി. ഇതിനിടയിൽ കിടത്തിചികിത്സാവിഭാഗത്തിൽ വേദനിക്കുന്ന ഒരുപാട് സഹോദരങ്ങളെത്തി. അവരിൽ കുറേപ്പേർ തിരിച്ച് വീട്ടിലേക്ക് പോയി. കാൻസർ ബാധിച്ച് എത്തിയവരിൽ ഇരുപത്തേഴ് ശതമാനത്തോളം മനുഷ്യരെ നല്ല മരണത്തിലൂടെ ഞങ്ങൾക്ക് യാത്രയാക്കേണ്ടി വന്നിട്ടുണ്ട്. ഉറ്റ ബന്ധുക്കളോടൊപ്പം ഞങ്ങളും മരണാസന്നരായ സഹോദരങ്ങൾക്കൊപ്പമിരിക്കാറുണ്ട്. അവരുടെ വേദനകൾക്കും സഹനങ്ങൾക്കും ശമനമുണ്ടാക്കാൻ ഞങ്ങൾക്ക് സാധിക്കാവുന്ന തെല്ലാം ചെയ്യാറുമുണ്ട്. അവർക്കിടയിൽ പുഴുക്കൾ തിന്നുകൊണ്ടിരിക്കുന്ന ശരീരഭാഗങ്ങൾ ഉള്ളവരുമുണ്ടായിരുന്നു. മരണത്തിന്റെ വിവിധഭാവങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു. മരണം ജീവിതത്തിന്റെ തുടർച്ചയാണെന്നുറപ്പാക്കാൻ മനസ്സിനെ പരുവപ്പെടുത്തി.

എന്നാൽ എന്റെ സേവനജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരനുഭവം ഈയിടെയുണ്ടായി. മുപ്പത്തിയൊന്ന് വയസ്സായ സന്തോഷിന് വായിൽ കാൻസറായിട്ടാണ് നമ്മുടെ ക്‌ളിനിക്കിൽ രജിസ്റ്റർ ചെയ്തത്. സന്തോഷ് അവിവാഹിതനാണ്. പത്താംക്‌ളാസ്സുവരെ പഠിച്ചിട്ടുണ്ട്. സന്തോഷിനെ ബ്‌ളീഡിങ്ങ് ആയിട്ടാണ് അന്ന് കൊണ്ടുവന്നത്. സന്തോഷിനോടൊപ്പം അമ്മയും അനുജനും ഉണ്ടായിരുന്നു.

സന്തോഷിന് ഇരുപത്തൊന്ന് വയസ്സായപ്പോൾ മുതൽ തല്ക്കാല സുഖത്തിനായി അല്പസ്വല്പം മദ്യപാനം തുടങ്ങി. കാരണം ചോദിച്ചാൽ കിട്ടാൻ ആഗ്രഹിച്ച എന്തോ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്ന് മുക്തി നേടാനാണ് താൻ മദ്യപിക്കുന്നത് എന്ന മറുപടി. മദ്യം കൊണ്ട് മാത്രം താൻ ആഗ്രഹിക്കുന്ന സന്തോഷം കിട്ടില്ല എന്ന് സന്തോഷിന് വേഗത്തിൽ മനസ്സിലായി. അപ്പോൾ മറ്റ് ലഹരികളിലേക്ക് നീങ്ങി. ഹാൻസ് എന്ന വിഷത്തേയാണ് കൂട്ടുപിടിച്ചത്. ഏത് സമയവും ഹാൻസിന്റെ ലഹരിയിലായിരുന്നു. എല്ലാം മറന്ന് പറന്നുയരുന്ന പ്രതീതി. വായുവിൽ പാറിപ്പറക്കുന്ന ആനന്ദം.

വീടിന്റെ അവസ്ഥയിൽ വന്നമാറ്റം സന്തോഷ് മാത്രം അറിഞ്ഞില്ല. അച്ഛന്റെ മരണമോ, പ്രമേഹരോഗം വന്ന് അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതോ, കാൽ മുറിച്ചതോ ഒന്നും സന്തോഷിന്റെ സന്തോഷങ്ങൾക്ക് തടസമായില്ല. സന്തോഷ് ഒരു ലഹരിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാസങ്കടങ്ങളും ഉള്ളിലൊതുക്കി പാവം അനുജൻ കൂലിപ്പണി ചെയ്ത് വീട് കഷ്ടിച്ച് പുലർത്തി. ചേട്ടനും അമ്മയ്ക്കും മരുന്നുകൾ വാങ്ങി. ചേട്ടനെ ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി.

ആറുമാസങ്ങൾക്ക് മുമ്പ് സന്തോഷിന് വായിൽ വ്രണവും രക്തസ്രാവവും കണ്ടുതുടങ്ങി. ഇത് കൂടി വന്നപ്പോൾ ഡോക്ടറെ വീണ്ടും കണ്ടു. തന്റെ ശരീരം തന്നോട് ശക്തമായ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയെന്ന് ഡോക്ടറിൽ നിന്ന് സന്തോഷിന് മനസ്സിലായി. കീമോതെറാപ്പി ചെയ്തപ്പോഴേക്കും സന്തോഷ് അവശനായി. വയറിൽ അസ്വസ്ഥത പറഞ്ഞപ്പോൾ സ്‌കാനിങ്ങ് നടത്തി. കരളിന്റെ പ്രവർത്തനം നിലച്ചുതുടങ്ങി. ബ്‌ളീഡിങ്ങ് നില്ക്കാതെ വന്നപ്പോഴാണ് സന്തോഷിനെ ഇവിടെയെത്തിച്ചത്.

സന്തോഷിനെ പരിചരിക്കാൻ ഞങ്ങൾ മുറിയിലേക്ക് കയറി. മൂക്കിൽ നിന്നും വായിൽ നിന്നും കൈകാലുകളുടെ നഖത്തിനിടയിൽ നിന്നുപോലും നില്ക്കാതെ രക്തം ഒലിക്കുന്നു. വല്ലാത്ത ഒരവസ്ഥ. തട്ടി വിളിച്ചപ്പോൾ സന്തോഷ് ഭീതിയോടെ ഞങ്ങളെ നോക്കി. പെട്ടെന്ന് അസ്വസ്ഥനായി. രക്തം വരുന്നത് കൂടിക്കൂടി വന്നു. ഡോക്ടറോടൊപ്പം സന്തോഷിന്റെ കൈവിരലുകളിലും കാൽ വിരലുകളിലും സുക്രാഫിൽ പൗഡർ ഇട്ട് ടൈറ്റ് ബാന്റേജ് കൊടുത്തു. സന്തോഷിനെ മയക്കി കിടത്തി.

മകന്റെ ഓരോ രോമകൂപത്തിലൂടെയും രക്തം സ്രവിച്ച് അവൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കാണാതെ കട്ടിലിന്റെ ഒരറ്റത്ത് ഒതുങ്ങി കിടക്കുന്ന അമ്മയെ കണ്ടപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞു. കാഴ്ച നഷ്ടപ്പെട്ടത് എത്ര നന്നായി എന്ന് തോന്നിപ്പോയി.

ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തലയ്ക്കകത്ത് വല്ലാത്ത ഭാരം. സന്തോഷിന്റെ അനുജനെ വിളിച്ച് ഡോക്ടർ ഗുരുതരാവസ്ഥ അറിയിച്ചു. പറഞ്ഞത് മനസ്സിലായിട്ടോ അല്ലാതെയോ ഒന്നും പറയാതെ അനുജൻ മുറിയിലേക്ക് പോയി. അന്ന് രാത്രിയിൽ പത്ത് വർഷം താൻ തേടിപോയ സുഖത്തിന്റെ ഇരട്ടിദു:ഖം അനുഭവിച്ച് തീർത്ത് സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞു.

താല്ക്കാലിക സുഖത്തിനുവേണ്ടി ചെറിയ ലഹരിയിൽ തുടങ്ങി ലഹരിയില്ലാതെ ജീവിക്കാൻ കഴിയാതെ നരകിക്കുന്ന യുവതലമുറയെ ഓർത്തുപോയി. ഇന്ന് വായിലും ആമാശയത്തിലും കാൻസർ രോഗവുമായി എത്തുന്നവരിൽ നല്ലൊരുപങ്ക് യുവാക്കളാണ്. സ്‌കൂൾ ജീവിതകാലത്ത് തന്നെ ഹാൻസ് പോലുള്ള ലഹരിപദാർത്ഥങ്ങൾക്കടിമപ്പെട്ട് ജീവിതം ഹോമിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം സമൂഹത്തിൽ വർധിച്ചുവരികയാണ്. അദ്ധ്യാപകരും മാതാപിതാക്കളും ശ്രദ്ധിച്ചാൽ മാത്രമേ യുവതലമുറയെ ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കാനാവൂ. മാദ്ധ്യമങ്ങളടങ്ങുന്ന പൊതുസമൂഹം ഈ വിഷയത്തിൽ സർഗാത്മമായ ബോധവത്ക്കരണം നടത്താൻ ബാധ്യതയുള്ളവരാണ്. സന്തോഷിനെപ്പോലുള്ളവർക്കുണ്ടായ ദുരന്തം വെറുമൊരു ആരോഗ്യപ്രശ്‌നമല്ല. നിയമസമാധാന പ്രശ്‌നവുമല്ല. കേരളീയ സമൂഹം നേരിടുന്ന വലിയൊരു വിപത്താണ്.