സ്വയം കണ്ടെത്താൻ സഹായിച്ച സേവനരംഗം
സുശീല മാധവൻ
ഏത് പ്രവൃത്തി ചെയ്യുമ്പോഴും സാധാരണക്കാർ സ്വയം ചോദിക്കാറുള്ള ഒരു ചോദ്യം ഉണ്ട് 'ഇതുകൊണ്ട് എനിക്കെന്താണ് ലാഭം?' അല്ലെങ്കിൽ 'എനിക്കെന്ത് കിട്ടും?' എന്നാൽ ഇതിന് അപവാദമായി, കുറച്ച് അസാധാരണം എന്ന് നമ്മളും മറ്റുള്ളവരും ചിന്തിക്കാറുള്ള ചില പ്രവൃത്തികളുണ്ട്. അതിലൊന്നാണ് സൽക്കർമ്മം എന്ന ചിന്തയാൽ പ്രചോദിതരായി തിരിച്ചൊന്നും കിട്ടാനില്ലാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത്. അതിനുള്ള പ്രതിഫലം പരലോകത്ത് കിട്ടും എന്നാണ് പൊതുവെ സങ്കൽപ്പം. അതിനാൽ പ്രതിഫലേച്ഛയില്ലാതെ നിസ്വാർത്ഥമായി സഹജീവികൾക്കായി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളെ ആത്മീയപ്രവർത്തനമായാണ് ചിലർ കണക്കാക്കാക്കുന്നത്. അപ്പോഴും, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ ഇവരിൽ പ്രവർത്തിക്കുന്നതായി കാണാം. അത് കർമ്മഫലം എന്ന വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. 'നല്ലതാം വിത്തെല്ലാം നല്ലതേ വിളയിക്കൂ' എന്ന ചിന്ത. സ്വർഗ്ഗത്തിൽ അല്ലെങ്കിൽ വരും ജന്മങ്ങളിൽ ജീവിതം സുഖപ്രദമാക്കാനുള്ള ഒരു നിക്ഷേപമായിട്ട് കാരുണ്യപ്രവർത്തനങ്ങളെ കാണാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇത്തരം ചിന്തകളൊന്നും ഇല്ലാതെ സൽപ്രവൃത്തികളിൽ ഏർപ്പെടാറുള്ള ധാരാളം പേരുണ്ട്. അവർ ഈ ലോകത്തിൽ, ഈ ജീവിതത്തിൽ തന്നെയാണ് സ്വർഗ്ഗവും നരകവും എന്ന വിശ്വാസം വെച്ച് പുലർത്തുന്നവരാണ്. നന്മചെയ്യുന്നത് തനിക്കു തന്നെ എത്രമാത്രം വൈകാരികമായ സംതൃപ്തിയും സമാധാനവും നൽകുന്നു എന്ന് ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ നന്മയുടെ ഭാഗത്തു തന്നെ തുടരുന്നവരാണ് ഇത്തരക്കാർ. ഇവർക്ക് സൽക്കർമ്മം ചെയ്യാൻ മേൽപ്പറഞ്ഞ വിശ്വാസത്തിന്റെ സഹായം ആവശ്യമില്ല.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിക്കാനുള്ള കാരണങ്ങളെക്കുറിച്ചും, അത്തരം പ്രവർത്തനങ്ങൾ വ്യക്തിപരമായി എന്റെ വളർച്ചയെ ഏതുതരത്തിൽ സഹായിച്ചു എന്നതിനെപ്പറ്റിയും ആലോചിക്കുമ്പോൾ മേൽ വിവരിച്ച ചിന്തകൾ ഉടലെടുക്കുന്നത് സ്വാഭാവികമാണല്ലൊ. വാസ്തവത്തിൽ യാതൊരു വിശകലനങ്ങളും ചിന്തകളും ഇല്ലാതെയാണ് 30 വർഷങ്ങൾക്ക് മുമ്പ് (1987ൽ) ഞാൻ സേവനത്തിന്റെ പാതയിലേക്ക് എത്തിയത്. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പമാണ് ഞാനും രണ്ട് വയസ്സ് തികയാത്ത എന്റെ മകളും ചെന്നെയിലെത്തിയത്. അവൾക്ക് ഏഴ് വയസ്സായതോടെ എന്നെ അവൾക്ക് മുഴുവൻ സമയവും ആവശ്യമില്ലാതായി. ഈ സാഹചര്യത്തിൽ സേവനചിന്തയോടെയായിരുന്നില്ല, മറിച്ച് സമയം പോക്കാനും മനുഷ്യരോട് ഉപയോഗപ്രദമായി ഇടപെടാനുമുള്ള ഒരു മാർഗ്ഗമന്വേഷിച്ചാണ് ഞാൻ ചെന്നെയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കാലെടുത്ത് വെച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ചികിത്സ തേടി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്ന രോഗികളുമായി സംവദിച്ച് അവർക്ക് അവിടെ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതായിരുന്നു എനിക്കവിടെ ചെയ്യേണ്ടിയിരുന്നത്. തമിഴ് പഠിക്കാനും അതു വഴി എന്റെ അയൽക്കാരോട് അടുത്തിടപെടാനും അത് സഹായകമാകും എന്നും എനിക്കുണ്ടായിരുന്നു. പ്രതിഫലമില്ലാതെ ജോലി ചെയ്യുക എന്നത് അക്കാലത്ത് കുറച്ച് അസാധാരണമായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിനാൽത്തന്നെ, അകമേ ഒരൂറ്റംകൊള്ളലും ഞാൻ ആസ്വദിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കട്ടെ. പലരും എന്റെ ഈ 'നേരം കളയൽ' വെറും വിഡ്ഢിത്തമായും കുടുംബത്തിന് സാമ്പത്തികമായ മെച്ചമൊന്നും ഇല്ലാതെ ജോലിയെടുക്കുന്നത് കേവലം പരിഹാസ്യമായും കണ്ടിരുന്നു.
എന്നാൽ എനിക്കവിടെ ലഭിച്ച സ്വീകാര്യതയും അവിടത്തെ ഡോക്റ്റർമാരും മറ്റ് സഹപ്രവർത്തകരും എന്നോട് കാണിച്ച സ്‌നേഹവും, അവർ എനിക്കേകിയ സഹകരണവും വലിയ പ്രോത്സാഹനമായി എനിക്ക് അനുഭവപ്പെട്ടു. രോഗികളോട് ഇടപഴകുമ്പോൾ, അവർ തങ്ങളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും എന്നോട് പങ്കിടുമ്പോൾ ലഭിക്കുന്ന ചാരിതാർത്ഥ്യം എന്നെ ക്രമേണ പുതിയൊരു ഞാനായി വാർത്തെടുക്കുകയായിരുന്നു എന്ന് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാകുന്നു.
ചെന്നെയിൽനിന്ന് നേരെ പോയത് മുംബേയിലേക്കായിരുന്നു. അവിടെ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിൽ 10 വർഷം ഞാൻ പ്രവർത്തിച്ചു. അവിടത്തെ സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായാണ് ലോകത്തിലെത്തന്നെ വലിയ ചേരികൾ കാണാനും, അവിടത്തെ ജനങ്ങളോട് ഇടപഴകാനും, അവരുടെ ജീവിതം അടുത്തുനിന്ന് കാണുവാനും അവസരം ലഭിക്കുന്നത്. മനുഷ്യരുടെ അതിജീവനത്തിനുള്ള അപാരമായ കഴിവുകൾ എന്നിൽ അത്ഭുതവും എളിമയും ഉണർത്തിയത് അവിടെയാണ്. മറാത്തികളുടെ സാംസ്‌കാരിക പാരമ്പര്യം അതി സമ്പന്നമാണെന്ന് അവിടത്തെ കൂട്ടുകാരിൽ നിന്ന് ഞാൻ മനസ്സിലാക്കി. സർവ്വോപരി ഒരു പാട് മനുഷ്യരെ അവരുടെ വൈവിദ്ധ്യമാർന്ന സ്വഭാവത്തോടെ മനസ്സിലാക്കുവാനും അവിടത്തെ ജീവിതം എനിക്ക് അവസരമൊരുക്കി. ടാറ്റാ മെമ്മോറിയലിൽ ദീർഘകാലം പ്രവർത്തിച്ചത് ഒരു കമ്മ്യൂണിറ്റി പ്രൊജക്റ്റിൽ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടേയും തുടർന്ന് എൻ.ഐ.എഛ് (National Institue of Health, U.S.A) എന്ന സംഘടനയുടേയും മേൽനോട്ടത്തിൽ ക്യാൻസർരോഗം നേരത്തെ കണ്ടെത്താനുള്ള മാർഗ്ഗം ആരായുന്ന പഠനമായിരുന്നു ആ പ്രൊജക്റ്റ്. അന്തർദ്ദേശീയ തലത്തിൽ പ്രശസ്തരായ ഏതാനും ഡോക്ടർമാരോട് സംവദിക്കാനും ഈ പ്രവർത്തനങ്ങൾക്കിടയിൽ സാധിച്ചു. അവരോടൊപ്പം ചേരി പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ചേരിനിവാസികളോട് സമഭാവത്തോടെയുള്ള അവരുടെ പെരുമാറ്റം അനുകരണീയമായി എനിക്ക് തോന്നി.
തുടർന്ന് ഭർത്താവിനൊപ്പം പ്രവർത്തനരംഗം തിരുവനന്തപുരത്തേക്ക് മാറുന്നു. വാസ്തവത്തിൽ പാലിയേറ്റീവ് പ്രസ്ഥാനത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിക്കുന്നത് 2003 ൽ തിരുവനന്തപുരത്തുവെച്ചായിരുന്നു. റീജിനൽ ക്യാൻസർ സെൻററിൽ പ്രവർത്തിച്ചിരുന്ന 'കേയർ പ്‌ളസ്' എന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കേയർ പ്രവർത്തനത്തിലേർപ്പെടാനുള്ള അവസരം അവിടെയാണ് ലഭിച്ചത്. നഗരപ്രാന്തങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കുകളിൽ പോകാനും അവിടെ എത്തുന്ന രോഗാതുരരുമായി ആശയവിനിമയം നടത്താനും അവരുടെ വീടുകളിൽ ഹോം കേയർ സന്ദർശനങ്ങൾക്കു പോകാനും അവസരം കിട്ടിയിരുന്നു. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ദാരിദ്ര്യവും യാതനകളും നേരിട്ടറിയാനും ഈ പ്രവർത്തനങ്ങൾ എന്നെ സാഹായിച്ചു. തമിഴ്, മലയാളം സംസ്‌കാരങ്ങളുടെ ഇഴയടുപ്പം ഹൃദ്യമായ അറിവായിരുന്നു. 22 വർഷത്തിനുശേഷം തിരികെ നാട്ടിലെത്തി രോഗികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾ അറിയാനും ഒരു സന്നദ്ധസേവിക എന്ന നിലയിൽ അതിൽ ഇടപെടാനും അവസരം കിട്ടിയത് ഒരു ഭാഗ്യം തന്നെയായിരുന്നു.
തിരുവനന്തപുരത്തിരിക്കേ 'ത്രാണി'യിൽ (ഒരു ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ) പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചു. അവിടെ പ്രവർത്തിക്കുമ്പോൾ കൗൺസലിംഗിന്റെ രീതികൾ ഏറെക്കുറെ നന്നായിത്തന്നെ മനസ്സിലാക്കാൻ സാധിച്ചത് പിന്നീട് വളരെ ഉപകരിച്ചു. മുൻവിധികളില്ലാതെ മനുഷ്യരോട് ഇടപെടുവാൻ എനിക്ക് കുറച്ചെങ്കിലും പ്രാപ്തി വന്നത് അവിടത്തെ പരിശീലനം കാരണമാണ്. മാനസികസംഘർഷങ്ങളാൽ ആത്മഹത്യ മാത്രമാണ് ശരണം എന്ന് ചിന്തിക്കുന്ന പലരുമായും 'ത്രാണി' യിലെ ടെലഫോൺ ഹെൽപ്പ്‌ലൈൻ കൈകാര്യം ചെയ്ത് സംസാരിക്കേണ്ടിവന്നു. പലപ്പോഴും രാത്രിസമയങ്ങളിൽ 'ത്രാണി'യിലെ കോൾ ഡൈവർട്ട് വീട്ടിലിരുന്ന് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യയുടെ വക്കിൽ നിന്ന് വരുന്ന കോളുകൾ അത്യന്തം അവധാനതയോടെ കൈകാര്യം ചെയ്യേണ്ടവയായിരുന്നു. വെറും തേങ്ങലോ, നീണ്ടുനിൽക്കുന്ന മൗനമോ ഇത്തരം കോളുകളുടെ പ്രത്യേകതയായിരുന്നു. അവരെ സംഭാഷണത്തിലേക്ക് കൊണ്ടുവരുകയും അതിൽ തുടരുകയും ചെയ്യിക്കുന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. ഇങ്ങനെ മനുഷ്യമനസ്സിന്റെ അത്ഭുതകരമായ ഗതിവിധികളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും, മാനസികമായ പ്രശ്‌നങ്ങൾ ചില നിർഭാഗ്യവാന്മാരുടെ ജീവിതം എത്രമാത്രം ഉലയ്ക്ക്ന്നു എന്ന് അറിയാനും ഇതിലൂടെ സാധിച്ചു. 'ത്രാണി'യുടെ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പാറശ്ശാല മുതൽ ഹരിപ്പാട് വരെയുള്ള 150 ഓളം പഞ്ചായത്തുകൾ സന്ദർശിക്കാൻ സാധിച്ചത് അപൂർമായ അനുഭവമായിരുന്നു. തെക്കൻ കേരളത്തിന്റെ സവിശേഷതകൾ, സംസ്‌കാരം, ഭക്ഷണം എന്നിവ അടുത്തറിയാൻ എന്നെ സഹായിച്ചത് ആ യാത്രകളാണ്. ചുരുക്കത്തിൽ യാതൊന്നും അറിയാതെ പൊതുപ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ച എനിക്ക് കിട്ടിയത് അനുഭവങ്ങളുടെ ഒരു സ്വർണ്ണഖനി തന്നെയാണ്. പരനെ സേവിക്കുന്നതിൽ നിന്ന് ലഭിക്കുന്ന അനല്പ്പമായ ചാരിതാർഥ്യം ഞാൻ അനുഭവിച്ചുതുടങ്ങി. ഇതിപ്പോഴും തുടരുകയാണ്.
ദൽഹിയായിരുന്നു അടുത്ത താവളം. ഗ്രാമീണതയുടെ നന്മകൾ അനുഭവിക്കാൻ കഴിഞ്ഞ തിരുവനന്തപുരം വിട്ട് ദൽഹിയിലെത്തി അവിടത്തെ 'പോഷ്' എന്ന് വിശേഷിപ്പിക്കാവുന്ന ക്യാൻസപ്പോർട്ട് എന്ന എൻ ജി ഒ യിൽ പ്രവർത്തിച്ചപ്പോഴാണ് ഇന്ത്യയിലെ ധനാഢ്യരുടെ ജീവിതശൈലി അടുത്തറിയാൻ കഴിഞ്ഞത്. പഞ്ചാബികളുടേയും കാശ്മീരികളുടേയും ജീവിതരീതികൾ എനിക്ക് അത്ഭുതകരമായി തോന്നിയിരുന്നു. ഏറെക്കുറെ പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രഭാവം ചിലരുടെയെങ്കിലും ജീവിതരീതിയിൽ പ്രകടമായിരുന്നു. അതും അനുഭവങ്ങളുടെ സമ്പത്ത് കൂട്ടുവാൻ സഹായിച്ചു. അതിസമ്പന്നരോടുണ്ടായിരുന്ന മാനസികമായ അകൽച്ച എന്നിൽ നിന്ന് കുറേയേറെ മാറ്റാൻ അവരുമായുള്ള ഇടപഴകൽ സഹായിച്ചു. അവരും സാധാരണ മനുഷ്യരാണെന്നും, അവരുടെ ഊഷ്മളതയും സ്‌നേഹവും കരുതലും മറ്റേതു മനുഷ്യരേപ്പോലെ തന്നെയാണെന്നും അവരോടൊപ്പമുള്ള പ്രവർത്തനം എനിക്ക് മനസ്സിലാക്കിത്തന്നു.
എന്നാൽ ദൽഹിയിലെ പാവപ്പെട്ടവരുടെ നരകതുല്യമായ ജീവിതം അടുത്തറിയാൻ എന്നെ സഹായിച്ചത് ഗൃഹസന്ദർശനങ്ങളായിരുന്നു. ജീവിതം ഒരിക്കലും ഒരേ താളത്തിൽ പോകുന്നതല്ല. ഉച്ചനീചത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഒരു ജനതക്ക് നിലനില്ക്കാനാകൂ എന്ന ഒരു വീക്ഷണം എന്നെ സ്വാധീനിക്കുന്നുണ്ടായിരുന്നു. അഥവാ, വ്യത്യസ്തരായ ജനങ്ങളും സംസ്‌കാരങ്ങളുമായുള്ള ഇടപഴകൽ അങ്ങിനെയൊരു വീക്ഷണത്തിലേക്ക് എന്നെക്കൊണ്ടെത്തിക്കുകയായിരുന്നു. ഇതെല്ലാം ജീവിതത്തിലെ ഈടുവെപ്പുകളായി എനിക്ക് തോന്നുന്നു. ഇതൊക്കെത്തന്നെയല്ലേ മനുഷ്യനെ മനസ്സ് കൊണ്ട് സമ്പന്നമാക്കുന്നത്. ഒപ്പം ഞാൻ ഇതിൽ നിന്നൊക്കെ നേടിയതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് വ്യക്തത കൈവരിക്കുകയും ചെയ്യുന്നു.
2010 ൽ ഭർത്താവ് ജോലിയിൽ നിന്ന് വിരമിച്ച് ഞങ്ങൾ തൃശ്ശൂരിൽ സ്ഥിരതാമസം തുടങ്ങിയതോടെ, പാലിയേറ്റീവ് കേയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം എനിക്ക് കൈവന്നു. ഇവിടെ ഞാൻ കണ്ട പ്രത്യേകത സമഗ്രവും വൈവിദ്ധ്യവുമുള്ള സാന്ത്വനചികിത്സാ പ്രവർത്തനങ്ങളാണ്. ഇത്ര വിപുലമായ സേവനങ്ങൾ കാര്യക്ഷമമായി നിർഹിക്കാൻ വേണ്ടത്ര പ്രാപ്തിയും ഉത്സാഹവും സേവനോത്സുകതയുമുള്ള വളണ്ടിയർമാരാൽ സമ്പന്നമാണ് ഇവിടം.
വൃക്കരോഗികളുടെ ദുരിതങ്ങൾ അടുത്തറിയാൻ സാധിച്ചത് ഈ കേന്ദ്രത്തിൽ വെച്ചാണ്. വൃക്ക മാറ്റിവെക്കാനുള്ള വ്യഗ്രതയിൽ ചതിക്കുഴികളിൽ വീഴുന്ന പലരും ഇക്കൂട്ടത്തിലുണ്ട്. പലരും ജീവിതത്തിൽ തികച്ചും നിരാശരാണ്. അവർക്ക് ആവശ്യം ഉപരിപ്‌ളവമായ അനുതാപപ്രകടനങ്ങളല്ല. രോഗത്തേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും പ്രയോജനപ്പെടുന്ന അറിവുകളാണ്.
അടുത്തിടെയായി ഞാൻ ഏർപ്പെട്ടിരിക്കുന്നത് 'എം ഹാറ്റ്' എന്ന സംഘടനയും പി.പി.സി.എസും(Pain and Palliative Care Society, Thrissur) സംയുക്തമായി നടത്തുന്ന മാനസികാരോഗ്യ പ്രവർത്തനങ്ങളിലാണ്. ഈ തൃശ്ശൂർ പട്ടണത്തിൽത്തന്നെ, നിരാലംബരായി മാനസിക രോഗങ്ങളാൽ പീഢിതരായി ജീവിതം നരകതുല്യം മുന്നോട്ട് കൊണ്ടുപോകുന്നവർ കുറച്ചല്ല. ഇത്തരക്കാരെ സഹായിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന ഉദ്ദേശ്യം. മനുഷ്യമനസ്സുകളുടെ ചഞ്ചലതയും മാനസികമായ സംഘട്ടനങ്ങളും ദാരിദ്ര്യത്തിന്റേയും നി ഹായതയുടേയും പശ്ചാത്തലത്തിൽ കാണേണ്ടിവരുന്ന രംഗമാണിത്. എത്ര ലോലമായ ഒരു നൂൽപ്പാലത്തിലൂടെയാണ് മനുഷ്യമനസ്സുകളുടെ സഞ്ചാരം എന്ന തിരിച്ചറിവുമാത്രമല്ല, മാനസികാരോഗ്യം ഗണനീയമായ ഒരു സാമൂഹ്യ പ്രശ്‌നമാണ് എന്ന യാഥാർഥ്യവും ഈ പ്രവർത്തനം നൽകുന്നു.
എങ്ങിനെയാണ് ഈ രംഗത്ത് പ്രവർത്തിക്കുമ്പോൾ ശാന്തത കൈവരിക്കാൻ സാധിക്കുന്നത് എന്ന് പലരും അത്ഭുതപ്പെടാറുണ്ട്. ആലോചിക്കുമ്പോൾ, സാന്ത്വനപ്രവർത്തനങ്ങളിൽ മുഴുകി സ്വന്തം ജീവിതത്തിൽ അർത്ഥം കണ്ടെത്തുന്ന സഹപ്രവർത്തകർ അറിഞ്ഞും അറിയാതേയും തരുന്ന ഊർജ്ജം തന്നെയാണ് ഈ രംഗത്ത് ശാന്തമായി പ്രവർത്തിക്കാൻ എന്നെ സഹായിക്കുന്നത് എന്നാണ് ഞാൻ കണ്ടെത്തിയിരിക്കുന്നത്. പലർക്കും ഇക്കാര്യം അനുഭവവേദ്യം ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. എവിടെയായാലും തിരുവനന്തപുരത്ത്, ചെന്നൈയിൽ, മുംബേയിൽ, ദൽഹിയിൽ, ഇപ്പോൾ തൃശ്ശൂരിൽ, എനിക്ക് ഏറ്റവും ഹൃദ്യമായത് അവിടവിടങ്ങളിൽ ഞാൻ ഭാഗമായ കൂട്ടായ്മകളും, സ്‌നേഹിതരിൽ നിന്ന് കിട്ടുന്ന ആത്മാർത്ഥതയും തന്നെയാണ്. അക്കാരണത്താൽ ഈ സേവനരംഗത്ത് കഴിവതും തുടരാനാണ് എനിക്കാഗ്രഹം.
മരണം കാത്ത് വേദനയനുഭവിക്കുന്ന വ്യക്തികളുമായി അടുത്തിടപെടുന്നത് ഇവിടത്തെ കിടത്തിചികിത്സാവിഭാഗത്തിൽ വെച്ചാണ്. മരണാസന്നരായ രോഗികളേയും ബന്ധുക്കളേയും നേരിടുമ്പോഴാണ് കഴിഞ്ഞ 30 വർഷ കാലത്തെ അനുഭവം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്. മരണത്തിന്റെ ആസന്നാവസ്ഥയെ ഓരോ നിമിഷവും തീക്കനൽപോലെ മനസ്സിൽ കൊണ്ട് നടക്കുന്നവരോട് സംവദിക്കുമ്പോൾ ഒരു സത്യം ഞാൻ മനസ്സിലാക്കി എത്രമാത്രം ദുരിതങ്ങളിലൂടെ കടന്നു പോകുമ്പോഴും, മനുഷ്യന്റെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ അവസാനിക്കുന്നില്ല എന്ന അദ്ഭുതകരമായ സത്യം. 'ത്രാണി'യിൽ പഠിച്ച പാഠങ്ങൾ പ്രയോജനപ്പെടുത്താനുള്ള സന്ദർഭമാണ് സാന്ത്വനചികിത്സയുടെ ഭാഗമായി ലഭിച്ചത്. മരണത്തെ തനിച്ച് അഭിമുഖീകരിക്കുക എന്ന അനുഭവത്തിലൂടെ കടന്നുപോകാൻ ഓരോ വ്യക്തിയേയും കെല്പ്പുള്ളവരാക്കുന്നത് അവരുടെ വ്യക്തിത്വം, മതപരമായ വിശ്വാസങ്ങൾ, അറിവുകൾ സംസ്‌കാരം തുടങ്ങിയവയാണ്. അവരുമായുള്ള സമ്പർക്കത്തിന്റെ അർത്ഥം മനുഷ്യാവസ്ഥയെ നേർക്കുനേർ കാണുക എന്നതാണ്. അതിശയോക്തി എന്നു തോന്നാമെങ്കിലും, എന്നെ നിരന്തരം നവീകരിക്കുന്നു ഈ അനുഭവങ്ങൾ എന്ന് പറയാതെ വയ്യ. പാലിയേറ്റീവ് കേയർ എന്ന പ്രസ്ഥാനമാണ് മരണമെന്ന സത്യത്തെ കൂടുതൽ അറിയാൻ എന്നെ സഹായിക്കുന്നത്, സഹായിച്ചുകൊണ്ടിരിക്കുന്നത്. ആ മഹാസത്യത്തെക്കുറിച്ചുള്ള വിവേകം മരണത്തെ നേരിടുന്നതിൽ കുറച്ചെങ്കിലും എന്നെയും എന്നെച്ചുഴന്നു നിൽക്കുന്നവരേയും സഹായിക്കുമെന്ന് തോന്നുന്നു.