ജീവിതം എന്നെ പഠിപ്പിച്ചത്
വിജേഷ് വിജയൻ
''എനിക്കാരുടേയും സഹായം ആവശ്യമില്ല. മറ്റൊരാളെ ആശ്രയിക്കാതെയും, ആരെയും ബുദ്ധിമുട്ടിക്കാതെയും എനിക്ക് ജീവിക്കാനാകും''. ഒരുപക്ഷെ അമിതമായ ആത്മവിശ്വാസമായിരിക്കാം. വർഷങ്ങൾക്കുമുമ്പ് ഒരു പതിനേഴു വയസ്സുകാരന്റെ മനസ്സിലെ ചിന്തകളായിരുന്നു ഇവയെല്ലാം.
ആ പ്രായത്തിൽ പഠനത്തോടൊപ്പം ഒരുമിച്ചുകൊണ്ടുപോയിരുന്ന ചെറിയൊരു ജോലി, ശരാശരിയേക്കാൾ ഉയർന്ന പഠനനിലവാരം, സാമാന്യം നല്ല ആരോഗ്യസ്ഥിതി; ഇതെല്ലാമായിരിക്കാം ആ ചെറുപ്പക്കാരനെ അങ്ങിനെയെല്ലാം ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചത്.
പിന്നീട് ജീവിതം അവനെ പഠിപ്പിച്ചു. ഒരാൾ എത്ര ശക്തനായാലും ശരി, ഈ ലോകത്ത് ആർക്കും എപ്പോൾ വേണമെങ്കിലും ആരുടേയും സഹായങ്ങൾ ആവശ്യമായി വന്നേക്കാം എന്ന്. അതൊരു പ്രപഞ്ചസത്യമാണ്.
എന്റെ പേര് വിജേഷ് വിജയൻ. മുകളിൽ സൂചിപ്പിച്ചത് എന്നെ കുറിച്ചാണ്. 13 വർഷങ്ങൾക്കു മുമ്പാണ് ഒരു അപകടത്തിൽ എന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചത്. അപകടത്തിനുശേഷം ഏതാണ്ട് 2 വർഷത്തോളം കഴുത്തിന് താഴേക്ക് തളർന്ന അവസ്ഥയിൽ പൂർണമായും കിടപ്പിലായിരുന്നു. എല്ലാ കിടപ്പുരോഗികൾക്കും നേരിടേണ്ടി വരാറുള്ള പൊട്ടലും, മുറിവുകളും എനിക്കും വന്നിരുന്നു. ഒരു വർഷത്തിലേറെ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അതിനുശേഷം പിന്നീടങ്ങോട്ടുള്ള വർഷങ്ങൾ പലവിധത്തിൽ ഉള്ള ചികിത്സകളുടേതായിരുന്നു. ഇപ്പോൾ വീൽചെയറിൽ ഇരുന്ന് കൊണ്ട് സ്വയം സഞ്ചരിക്കാം എന്ന അവസ്ഥയിലാണ്. എങ്കിലും ഒരുനാൾ സ്വന്തം കാലിൽ എഴുന്നേറ്റ് നടക്കുവാനാകും എന്നുള്ള ശുഭാപ്തി വിശ്വാസത്തിന്റെ തിരിനാളം എന്നും മനസ്സിൽ സൂക്ഷിക്കുന്നു.
മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന എനിക്ക് അപകടത്തിനുശേഷം എഞ്ചിനീയറിങ്ങ് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പ്രൈവറ്റ് ആയി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ കറസ്‌പോണ്ടൻസ് ഡിഗ്രി കോഴ്‌സിന് ചേർന്നു. അങ്ങനെ വീട്ടിലിരുന്ന് പഠിച്ച് ബി.കോം പാസ്സായി. ഇപ്പോൾ ഇഗ്നോയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. അതിനോടൊപ്പം കഴിഞ്ഞ 5 വർഷത്തോളമായി, ചെറുതെങ്കിലും സ്വന്തമായി ഒരു ജോലി വീട്ടിലിരുന്ന് ചെയ്യുന്നു. കൂടെ സർക്കാർ ജോലികൾക്കായുള്ള പരീക്ഷകളിലും പങ്കെടുക്കുന്നു. അടുത്തുതന്നെ ശാശ്വതവും സുസ്ഥിരവുമായ ഒരു ജോലി നേടും എന്ന പ്രതീക്ഷയോടെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഠനം, ജോലി, ഫിസിയോതെറാപ്പി ഇവ മൂന്നും ഉൾപ്പെടുന്നതാണ് എന്റെ ദൈനിംദിന ജീവിതം. ജീവിതത്തിൽ കഴിയുന്നത്ര പഠിക്കുക. അത് പുസ്തകങ്ങളിൽ നിന്നായാലും ശരി ജീവിതാനുഭവങ്ങളിൽ നിന്നായാലും ശരി. അതിന് പ്രത്യേക പ്രായപരിധിയൊന്നുമില്ല എന്നാണ് എന്റെ വിശ്വാസം. എന്നാൽ അപകടത്തിനുമുമ്പ് പുസ്തകങ്ങളോട് പ്രത്യേക ഭ്രമമൊന്നും എനിക്കില്ലായിരുന്നു. പിന്നീട് പൂർണമായും കിടപ്പിലായ സമയത്ത് ആദ്യമൊക്കെ ടിവി ആയിരുന്നു അഭയം. പിന്നെ പിന്നെ അത് പൂർണമായും പുസ്തകങ്ങളിലേയ്ക്കും വായനയിലേയ്ക്കും തിരിഞ്ഞു.
ഇതുവരെയുള്ള ജീവിതത്തിൽ ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാമിപ്യവും സഹായവും ശാരീരകമായും മാനസികമായും സാമ്പത്തികമായും എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ആശ്വാസകരമായിത്തീർന്നിട്ടുണ്ട്. ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുണ്ടൊ എന്നൊന്നും എനിക്ക് പറയാൻ അറിയില്ല. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് എന്ന് കരുതുന്നു. പക്ഷെ ഏതു ജീവിതാനുഭവങ്ങൾക്കിടയിലും പ്രതീക്ഷ കൈവെടിയാതെ എനിക്ക് ജീവിക്കാനായിട്ടുണ്ട് എന്ന ഉറപ്പുണ്ടെനിക്ക്. ഇതുവരെയുള്ള ജീവിതത്തിൽ ശുഭാപ്തി വിശ്വാസം തന്നെയായിരുന്നു പ്രധാന കൈമുതൽ. ഇനിയങ്ങോട്ടും അങ്ങിനെതന്നയായിരിക്കും. എന്റെ ശരീരത്തിന്റേയും കൈകാലുകളുടേയും ചലന പരിമിതികളിൽ ആ ഒരു വിശ്വാസത്തോടെ തന്നെയാണ് ഇത്രയും നാൾ മുന്നോട്ട് പോയതും.
ഈ വർഷങ്ങൾക്കിടയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ ഞാൻ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഒരു വർഷത്തെ കൗൺസിലിങ്ങ് ഡിപ്‌ളോമ കോഴ്‌സ് ചെയ്തു. ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം 2 വർഷങ്ങൾക്കുമുമ്പ് സഫലീകരിക്കുകയുണ്ടായി. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പാടുക എന്ന ആഗ്രഹം. സ്റ്റേജിൽ നിലത്ത് ഇരുന്ന് പാടുന്നതിന് ശരീരത്തിന്റേയും ശ്വാസോച്ഛ്വാസത്തിന്റേയും നിയന്ത്രണം നേടിയെടുക്കുക എന്ന വെല്ലുവിളി മുന്നിലുണ്ടായിരുന്നു. പക്ഷെ എങ്ങിനെയൊക്കെയോ ആ വെല്ലുവിളികളെയെല്ലാം മറികടന്ന് സ്റ്റേജിൽ സദസ്സിനുമുന്നിലിരുന്ന് പാടുവാനായി. ഇനിയും ഉണ്ട് സഫലമാകുവാൻ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിൽ. അവയെല്ലാം ഇന്നല്ലെങ്കിൽ നാളെ സഫലമാകും അല്ലങ്കിൽ സഫലമാക്കും എന്ന വിശ്വാസം എനിക്ക് തരുന്ന ഊർജ്ജം ചെറുതല്ല.
അങ്ങിനെ ഈ അവസ്ഥയിൽ ഇരുന്നുകൊണ്ട് തന്നെ ജീവിതത്തിൽ പല നേട്ടങ്ങളും എനിക്ക് നേടുവാനായിട്ടുണ്ട്. അതിൽ ഞാൻ വളരെ സന്തുഷ്ടനുമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കുകൾ പറഞ്ഞ് വിലപിക്കാറില്ല. അതിൽ യാതൊരു ഗുണവുമില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. നന്ദിയും കടപ്പാടുമുണ്ട് ഒരുപാട് മനുഷ്യരോട്, ഒപ്പം ജീവിതത്തോടും. എന്നും കൂടെ നില്ക്കുന്ന എന്റെ കുടുംബാംഗങ്ങളോട്. പരീക്ഷകൾക്കും മറ്റുമെല്ലാം എന്നെ കൊണ്ടുപോകുന്ന എന്റെ പ്രിയ സുഹൃത്തുക്കളോട്. ഒരു സ്വന്തം കുടുംബാംഗത്തെപോലെ എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പെയിൻ ആൻറ് പാലിയേറ്റീവ് അംഗങ്ങൾ, എന്നെ പരിശോധിച്ച ഡോക്ടർമാർ, ശുശ്രൂഷിച്ച നഴ്‌സുമാർ എന്നിവരോടെല്ലാം. പലപ്പോഴുമായി ആ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചിട്ടുമുണ്ട്, നേരിട്ടും അല്ലാതെയും. ഇതെല്ലാം എന്റെ നേട്ടങ്ങളായി ഞാൻ കാണുന്നു, വിശ്വസിക്കുന്നു. സമൂഹത്തിൽ എനിക്കു ചുറ്റുമായി എന്നേക്കാൾ കഷ്ടതകൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട്. അപ്പോഴൊക്കെ തോന്നാറുണ്ട് എന്റെ ജീവിതം ഈ അവസ്ഥയിലും എത്രയോ മെച്ചപ്പെട്ടതാണെന്ന്. അതുകൊണ്ട് തന്നെ എന്റെ നേട്ടങ്ങളിലും സന്തോഷത്തിലും ജീവിതത്തോട് ഞാൻ നന്ദിയുള്ളവനാണ്.
ഈ ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തെ ഒരേ തലത്തിൽ നിന്നുമാത്രം കണ്ടിരുന്ന ഞാൻ ഇപ്പോൾ പല കോണിലൂടെ മറ്റുള്ളവരുടെ വീക്ഷണത്തിലൂടെയും വീക്ഷിക്കുവാൻ പഠിച്ചു. വായിച്ചും കേട്ടും കണ്ടും നേടിയ അറിവുകളും, എനിക്കു മുമ്പേ സഞ്ചരിച്ച പലരുടേയും ജീവിതാനുഭവങ്ങളും, എനിക്ക് മുന്നോട്ട് പോകുവാൻ ഒരുപാട് പ്രചോദനമായിത്തീർന്നീട്ടുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകളേക്കാൾ കൂടുതൽ ജീവിതത്തിൽ ഉണ്ടാക്കുന്ന ചെറിയ ചെറിയ നേട്ടങ്ങളിലും മാറ്റങ്ങളിലും സന്തോഷം കണ്ടെത്തുവാൻ അതെന്നെ സഹായിച്ചു.
ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ അയാൾ ഒന്നിൽ കൂടുതൽ പ്രതിസന്ധിഘട്ടങ്ങൾ നേരിട്ടേക്കാം. പലപ്പോഴും വീണുപോയെന്നിരിക്കാം. പക്ഷെ അപ്പോഴൊക്കെ മുന്നോട്ടുപോകുവാനായി എവിടെയെങ്കിലുമൊക്കെ പ്രതീക്ഷയുടെ ഒരു തുരുത്ത് ആ ജീവിതം തന്നെ ഒരുക്കിക്കൊടുക്കുന്നു. അത് ചിലപ്പോൾ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാവാം, ചില വ്യക്തികളിലൂടെയാവാം, പല സന്ദർഭങ്ങളിലൂടെയാവാം. അവ നല്കുന്ന ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
എനിക്ക് ഇനിയും ദൂരമുണ്ടെന്നറിയാം ജീവിതത്തിൽ മുന്നേറുവാൻ.
ഇനിയും ഏറെയുണ്ടെന്നറിയാം നേടുവാൻ.
ഇനിയും പലതുമുണ്ടെന്നറിയാം ചെയ്തുതീർക്കുവാൻ.
അതിനിടയിൽ നഷ്ടങ്ങളെക്കുറിച്ചോർത്ത് വിലപിക്കുവാൻ സമയമെവിടെ?!!