''വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ.......''

ഈനാശു താഴ്ത്ത

(പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)

ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ സമയത്താണ് ഞാൻ ജോണിയുടെ വീട്ടിലെത്തിയത്. ജോണിയും ഭാര്യ മേരിയും സർക്കാർ ഉദ്യോഗസ്ഥരാണ്‌. രണ്ട് മക്കൾ: ജോർജ് കുട്ടിയും റീത്തമോളും. ജോണിയുടെ അപ്പൻ ജോസപ്പേട്ടനും അഅമ്മ റോസച്ചേടത്തിയും ഒപ്പം താമസിക്കുന്നു.

രണ്ടുപേരും നമ്മുടെ ക്‌ളിനിക്കിൽ വാർദ്ധക്യകാല രോഗങ്ങൾക്കുള്ള സാന്ത്വന ചികിത്സക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറച്ചുനാളായി ആ വൃദ്ധദമ്പതികളെ പുറത്തുകാണാറില്ല. അതുകൊണ്ടാണ് ഞാൻ ജോണിയുടെ വീട്ടിൽ ചെന്നത്. സന്ദർശക മുറിയിൽ ജോണിയും ഭാര്യയും മക്കളുമൊത്ത് ചായ കുടിച്ചു.
അപ്പനും അമ്മയുമെവിടെ?
എന്റെ ചോദ്യം അവർക്ക് ഇഷ്ടമായില്ല. അവരുടെ മുഖഭാവം അത് വിളിച്ചറിയിച്ചു. അവര് അകത്തെ മുറിയിൽ കിടക്കുകയാണ്. ആരെങ്കിലും കാണാൻ ചെല്ലുന്നത് ഇഷ്ടമല്ല മറുപടി കിട്ടി!

ഞാൻ തിരിച്ചുപോന്നു. ജോസപ്പേട്ടനും റോസച്ചേടത്തിയ്ക്കും ഞാൻ ചെല്ലുന്നത് ഇഷ്ടപ്പെടാതിരിക്കുകയോ? അത് സത്യമാകാനിടയില്ലെന്ന് എനിക്ക് തോന്നി. ജോണിയും ഭാര്യയും ജോലിയ്ക്ക് പോയ സമയത്ത് ഒരു ദിവസം ഞാൻ വീട്ടിൽ കയറിച്ചെന്നു. വൃദ്ധദമ്പതികളെ കാണണമെന്നു പറഞ്ഞു. ജോലിക്കാരി എന്തോ അരുതാത്ത കാര്യം ചെയ്യുന്നമട്ടിൽ അവരുടെ മുറി കാണിച്ചു തന്നു. വൃദ്ധദമ്പതികൾ പരസ്പരം നോക്കിയും നോക്കാതെയും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. രണ്ടുപേരുടെയും മുഖത്തു നിരാശയും ദു:ഖവും തളംകെട്ടി നിൽക്കുന്നു.

അപ്പന്റെയും അമ്മയുടെയും കാര്യം പറയുമ്പോൾ വിഷയം മാറ്റാൻ ജോണിയും ഭാര്യയും ശ്രമിച്ചിരുന്നത് എന്തുകൊണ്ട്? ഒരു മുറിയും അതിനോട് ചേർന്ന് ടോയ്‌ലറ്റും ഉറപ്പുവരുത്തിയാൽ വൃദ്ധജനങ്ങൾക്കു മറ്റൊന്നും വേണ്ടെന്ന് അവർ കരുതിയിരിക്കണം. ജോലിക്കാരി കൃത്യസമയത്ത് ഭക്ഷണം മുറിയിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. പക്ഷേ, അവരുടെ ലോകം ആ വലിയ വീട്ടിലെ ചെറിയ മുറിയിൽ ഒതുങ്ങുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളല്ലാതെ ആ ദമ്പതികൾക്ക് മറ്റു ശാരീരിക പ്രശ്‌നങ്ങളില്ല. പക്ഷേ, എന്തുകൊണ്ടാണ് ഭൃത്യപോലും അവരെ കാണിയ്ക്കാതെ എന്നെ മടക്കി അയക്കാൻ ശ്രമിച്ചത്? അപ്പാപ്പനും അമ്മാമ്മയും ഇങ്ങനെ മുഖത്തോടുമുഖം നോക്കി കിടന്നാൽ സന്തുഷ്ടരാകുമോ?

ഞാൻ ഏറെനേരം വൃദ്ധദമ്പതികളോട് സംസാരിച്ചു; തമാശ പറഞ്ഞു. രണ്ടുപേരും കുലുങ്ങി ചിരിച്ചു. വീണ്ടും വരണമെന്ന് പലയാവർത്തി എന്നോട് അപേക്ഷിച്ചു. ഞാൻ അവരെ അന്നത്തെ പത്രം വായിച്ചു കേൾപ്പിച്ചു. അവരുടെ കണ്ണുകളിലെ തിളക്കം എന്റെ മനസ്സിനെ ഇളക്കിമറിച്ചു. ആരോടെങ്കിലും ഞങ്ങൾക്കു കുറച്ചുസമയം സംസാരിയ്ക്കണം. അതിന് ഒരു സൗകര്യമുണ്ടാക്കണമെന്ന് അവർ എന്നോട് യാചിയ്ക്കുന്നു! അവർ കാണാതെ ഞാൻ കണ്ണ് തുടച്ചു. അവർ എപ്പോഴും ഉറങ്ങി കിടക്കുകയാണ് എന്നും അവരെ ശല്യപ്പെടുത്തരുതെന്നുമുള്ള മകന്റെ വാക്കുകളിൽ സത്യത്തിന്റെ അംശം ഒട്ടുമില്ലായിരുന്നുവെന്ന് എനിയ്ക്ക് ബോദ്ധ്യമായി. അവർക്ക് പുറംലോകം കാണണം. ലോകവാർത്തകളും നാട്ടുവാർത്തകളും അറിയണം.

ജോണിയുടെ വീടിനടുത്ത് മദ്ധ്യവയസ്‌ക്കയായ ഒരു സ്ത്രീയുണ്ട്. സരളമായി സംസാരിയ്ക്കും. ഭർത്താവ് ജോലിയ്ക്ക് പോയാൽ പിന്നെ വരുന്നതു വരെ മഹാബോറായി തോന്നുന്നുവെന്നാണ് അവരുടെ പരാതി. എന്തുകൊണ്ട് ദിവസം കുറച്ചുനേരം വൃദ്ധദമ്പതികൾക്ക് പത്രം വായിച്ചുകൊടുത്തുകൂടാ? ആ സ്ത്രീയുടെ ഭർത്താവ് സമ്മതിച്ചു. ജോണിയും ഭാര്യയും മനസ്സില്ലാമനസ്സോടെ വഴങ്ങി. യാതൊരു ചെലവുമില്ല. ഒരു കാപ്പിപോലും കൊടുക്കേണ്ട. അയൽക്കാരി അപ്പനും അമ്മയ്ക്കും പത്രം വായിച്ചു കൊടുക്കും. നാട്ടുവിശേഷങ്ങളും അറിയിക്കും.

രണ്ട് ആഴ്ച കഴിഞ്ഞ് ഞാൻ ഒരു ദിവസം വിണ്ടും ജോണിയുടെ വീട്ടിലെത്തി. വൃദ്ധ ദമ്പതികൾ എന്നെ എതിരേറ്റു. അവർക്കിപ്പോൾ പറയത്തക്ക അവശതകളൊന്നുമില്ല. സന്ദർശകമുറിയിലെ സെറ്റിയിൽ വന്നിരുന്നു. അയൽക്കാരി വഴി പുതിയ വാർത്തകളൊക്കെ അറിയുന്നുവെന്നും ചില തമാശകൾ പറഞ്ഞ് തങ്ങളെ അവർ ചിരിപ്പിയ്ക്കാറുണ്ടെന്നും പറഞ്ഞു. മകനും ഭാര്യയും ദിവസവും വൈകുന്നേരം ഒരു മണിക്കൂർ തങ്ങളെ വീട്ടുമുറ്റത്ത് കൊണ്ടുനടത്തുന്നുണ്ടെന്നും അറിയിച്ചു. ഏറ്റവും ആശ്വാസകരവും ആനന്ദകരവുമായ കാര്യം കൊച്ചുമക്കൾ സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതാണ്!

അയൽക്കാരിയും ഭർത്താവും കയറിവന്നു. ആ മാന്യ വനിത പറഞ്ഞു: പത്രം വായിച്ചുകഴിഞ്ഞാൽ അപ്പാപ്പനും അമ്മാമ്മയും അവരുടെ കുട്ടിക്കാലത്തെ തമാശകൾ പറയും. അതുകേട്ടിരിയ്ക്കണം. ഇടയ്ക്ക് ഒന്നു തല കുലുക്കണം, മൂളണം. അപ്പോള്‍ ആ സ്ത്രീയുടെ ഭർത്താവിന്റെ കമൻറ്: ഇവൾ ഇപ്പോൾ ടിവി സീരിയലുകൾ കാണുന്നില്ല. ഞാൻ വീട്ടിൽ തിരിച്ചെത്തിയാൽ അപ്പാപ്പനും അമ്മാമ്മയും പറഞ്ഞ കാര്യങ്ങൾ എനിയ്ക്ക് അത്താഴത്തോടൊപ്പം വിളമ്പിത്തരും......
ആ വൃദ്ധ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് പ്രകാശം എത്തിച്ചേരുവാന്‍ ഇടയായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ ആ വീട്ടില്‍ നിന്നുമിറങ്ങി.