നല്ലവനായ അയൽക്കാരൻ!

സി. വിജയലക്ഷ്മി

(പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ)

''ടീച്ചറേ എന്റെ കാല് മൂന്നാമതും പൊട്ടി. വലതുകാല് മുഴുവനായും പ്ലാസ്റ്ററിട്ടിരിക്ക്യാ.
ലോട്ടറി വിൽക്കാനൊന്നും ഇപ്പോ പോണില്ല''.
ഹൈസ്‌കൂൾ ക്‌ളാസിൽ ഞാൻ പഠിപ്പിച്ച ഗോപിയാണ് എന്നെ ഫോൺ ചെയ്ത് തന്റെ ദുരിതം അറിയിച്ചത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ശരീരത്തിലെ പേശികൾ ഓരോന്നോരോന്നായി ബലം പിടിച്ച് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിലും ഗോപിയുടെ അച്ഛൻ അദ്ദേഹത്തിന്റെ കഴിവിനനുസരിച്ച് ഉണ്ടാക്കിയ ഒരു വീൽചെയറിൽ ഇരുന്ന് ലോട്ടറി വിറ്റ്, തന്നെ സംരക്ഷിക്കുന്ന ചേട്ടന്റെ കുടുംബത്തിന് ഏറെ ഭാരമാകാതെ ശ്രദ്ധിക്കുന്നുണ്ട്.

ഓരോ ദിവസവും ചേട്ടനോ സുഹൃത്തുക്കളോ വീൽചെയറിൽ ഗോപിയെ ഇരുത്തി കവലയിൽ കൊണ്ടിരുത്തും. ലോട്ടറി ടിക്കറ്റിന്റെ പാഡും കാശ് ഇടുന്നതിനുള്ള ഒരു ചെറിയ ബാഗും വീൽചെയറിൽ ഉറപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നവർ അതിന്റെ വില ബാഗിലിടും. ഉച്ചയ്ക്ക് ചേട്ടൻ ആഹാരം കഴിയ്ക്കാൻ വരുമ്പോഴോ കൂട്ടുകാരോ തിരിച്ചയാളെ വീട്ടിലെത്തിക്കും. ഇങ്ങിനെയാണ് ഒരു ദിവസം പെൻഷൻ വാങ്ങിവരുമ്പോൾ ഗോപിയെ ഞാൻ കവലയിൽവെച്ച് കാണുന്നത്.

വളരെക്കാലത്തിനുശേഷം മാത്രം കാണുന്നതായതിനാൽ ഗോപി തന്നെയാണോ എന്ന് സംശയം ഉണ്ടായിരുന്നു. അടുത്ത പ്രാവശ്യം അയാളെ സ്റ്റാൻറിൽ കണ്ടപ്പോൾ ഞാൻ അവിടെ ബസ്സിറങ്ങി അടുത്തുചെന്നു കണ്ടപ്പോൾ ''ടീച്ചറേ എന്നെ ഓർമ്മയുണ്ടോ'' എന്ന് ചോദിച്ച് അയാൾ വർത്തമാനം തുടങ്ങി. പതിനാല് കൊല്ലം അടുപ്പിച്ച് പെരിയസ്വാമിയായ അച്ഛനൊപ്പം ശബരിമല കയറിയ ആളാണ് ഗോപി.

ഗോപിയുടെ വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അയാളോട് അടുത്ത ദിവസം ചേട്ടൻ രാജനേയും കൂട്ടി തൃശ്ശൂർ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്‌ളിനിക്കിൽ വരാൻ പറഞ്ഞു. ഗോപിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിക്കാൻ ആയിരുന്നു. പക്ഷേ അവിടെ കാണിച്ച ഡോക്ടർമാരെല്ലാം ഏറെയൊന്നും ചെയ്യാനില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. ഇക്കാര്യം നേരത്തെത്തന്നെ ഗോപിയ്ക്ക് നന്നായറിയാമായിരുന്നു. എന്നാൽ, പെയിൻ ക്‌ളിനിക്കിൽ നിന്ന് ഗോപിക്ക് കഴിയാവുന്ന സോഷ്യൽ സപ്പോർട്ട് ഞങ്ങൾ കൊടുത്തു തുടങ്ങി.

ഫോൺ കിട്ടി അടുത്ത ദിവസം തന്നെ ഞാൻ ഗോപിയുടെ വീട്ടിൽ പോയി. കുടികിടപ്പായി കിട്ടിയ പത്ത് സെൻറിലാണ് ഗോപിയും, രാജനും താമസിക്കുന്നത്. വീടിന്റെ മുറ്റത്ത് വലിച്ചുകെട്ടിയ ടാർപോളിനു താഴെ വീൽചെയറിലാണ് ഗോപി ഇരുന്നിരുന്നത്. വീട് വളരെ പഴയതായതിനാൽ തറ താഴേക്കിറങ്ങിയിരുന്നു, ചുമരിൽ വിള്ളലുണ്ടായി വീഴുന്ന പാകത്തിലായപ്പോൾ ചുമരുമാറ്റി മുളം തൂണുകളിൽ താങ്ങി നിർത്തിയിരിക്കയാണ്. ഇതിനിടയിലാണ് ഗോപിയുടെ കാല് മൂന്നാമതും ഒടിഞ്ഞത്. പ്‌ളാസ്റ്ററിട്ട ശേഷവും രാജനോ ഗോപിയുടെ കൂട്ടുകാരോ അയാളെ കവലയിൽ കൊണ്ടാക്കുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യാറുണ്ട്! അങ്ങിനെ അയാൾക്ക് പുറം വെളിച്ചം കാണുവാനും ആളുകളോട് ഇടപെടാനും മനസ്സിനാശ്വാസം കിട്ടാനും സാധിച്ചിരുന്നു.

ചിങ്ങ മാസമായതിനാൽ പറമ്പുകളെല്ലാം പൊലി കൂട്ടൂകയോ ഉഴുതുമറിയ്ക്കുകയോ ചെയ്യുന്ന പതിവുപണി ചെയ്തപ്പോൾ അയൽക്കാരൻ ഗോപിയുടെ വീട്ടുകാർക്ക് പുറത്തുപോകാനുള്ള വഴി കൂടി ടില്ലർ കൊണ്ട് പൂട്ടിമറിച്ചിരുന്നു. അതുകൊണ്ടുതന്നെ വീൽ ചെയർ പുറത്തുകൊണ്ടുപോകാൻ പറ്റുന്നില്ല. ഗോപിയ്ക്കു പുറത്തുപോകാനോ ലോട്ടറി വില്ക്കാനോ സാധിക്കുന്നില്ല. ഇനി ആ മണ്ണുറച്ചിട്ടുമാത്രമേ അയാൾക്കു പുറത്ത് പോകാനാവൂ. മഴയെങ്ങാനും പെയ്താൽ കാര്യങ്ങൾ കൂടുതൽ മോശമാവും. ആശുപത്രിയിൽ പ്‌ളാസ്റ്ററിടാനും പരിശോധനയ്ക്കും അയാളുടെ ചേട്ടനും കൂട്ടുകാരും അയാളെ എടുത്താണ് റോഡിലെത്തിക്കുന്നത്. വീടുപണിക്കുള്ള സാധനങ്ങളും അടുപ്പിക്കാൻ വല്ലാത്ത പ്രയാസത്തിലാണ്.

ചേട്ടനും ഭാര്യയും വിദ്യാർത്ഥികളായ രണ്ടുമക്കളും ഗോപിയും ഒരുമിച്ചാണ് ജീവിക്കുന്നത്. കൂലിപ്പണിക്കാരനായ ചേട്ടന്റെ ഏകവരുമാനമാണ് ആ കുടംബത്തിനുള്ളത്. ഇത്രയധികം കാലം തന്റെ സഹോദരനെ നന്നായി സംരക്ഷിക്കുന്ന രാജനെ കണ്ടാൽ നമ്മൾ അയാളെ തൊഴുതുപോകും. നമ്മുടെ ഈ കെട്ടകാലത്ത് ഇത്തരം നല്ല മനുഷ്യർ തീരെ കുറവാണ്. ഇവരുടെ ദുരിതവും കഷ്ടപ്പാടും നന്നായറിയുന്ന തൊട്ടടുത്ത അയൽക്കാരനെന്തുകൊണ്ട്, ഗോപിക്ക് വീൽചെയറിൽ ഇരുന്നുപോകാനുള്ള വഴി കൂടി തടസ്സപ്പെടുത്തി? അത് നമ്മുടെ ഈ കെട്ടകാലത്തിന്റെ സൂചനയാണോ?